അമേരിക്കന്‍ വിശേഷങ്ങള്‍

Monday, April 10, 2006

ഇവിടെ കുഞ്ഞുങ്ങള്‍ ഇങ്ങനെ

അമ്മയുടെ ഒക്കത്തിരിക്കുന്ന കുഞ്ഞിനു നെയ്യുംകൂട്ടി ചോറുരുളകളാക്കി, കഥ പറഞ്ഞും, പാട്ടു പാടിയും, കാക്ക വന്നുരുള കൊത്തി പോയേ, എന്നുമൊക്കെ പറഞ്ഞു വായില്‍ വച്ചൂട്ടുന്ന അമ്മ. ഒക്കത്തിരിക്കുന്ന കുഞ്ഞ്‌ ചിലപ്പോള്‍ മൂന്നു വയസ്സുകാരനാവാം, ചിലപ്പോള്‍ അല്‍പം കൂടി മുതിര്‍ന്ന നഴ്‍സറിക്കാരിയാവാം. അപൂര്‍വം ചിലപ്പോള്‍ അമ്മയെക്കാള്‍ നീളമുള്ളതുകൊണ്ടു കുഞ്ഞിന്റെ കാലുകള്‍ നിലത്തൂടെ ഇഴയുന്നുണ്ടാവാം. നമ്മുടെ നാട്ടില്‍ വളരെ സാധാരണമായ ഒരു കാഴ്ചയാണിത്‌.

ഇവിടെ വന്നപ്പോളോ ? ആറുമാസക്കാരി പാലുകുപ്പി തനിയെ കയ്യില്‍പ്പിടിച്ചു പാലു വലിച്ചു കുടിക്കുന്നു. പത്തുമാസക്കാരന്‍ സ്വന്തം കയ്യില്‍ സ്പൂണ്‍ പിടിച്ചു ഭക്ഷണം കോരി വായില്‍വച്ചു കഴിക്കുന്നു. നമ്മുടെ കുട്ടികളെ നമ്മള്‍ രണ്ടാം വയസ്സിലും മടിയിലിരുത്തി കുപ്പിയില്‍ നിന്നും പാലു കൊടുക്കുന്നു! കുഞ്ഞുങ്ങളെ വളര്‍ത്തുന്ന രീതിയിലുള്ള ഈ വ്യത്യാസങ്ങള്‍ പലപ്പോളുമെന്നെ അല്‍ഭുതപ്പെടുത്തിയിട്ടുണ്ട്‌.

നമ്മുടെ കുട്ടികളേക്കാള്‍ ഇവിടുത്തെ കുട്ടികള്‍ക്കു പ്രത്യേകമായി എന്തെങ്കിലും കഴിവുകള്‍ കൂടുതല്‍ ഉള്ളതുകൊണ്ടോ, നമ്മുടെ കുട്ടികളെക്കാള്‍ പെട്ടെന്ന്‌ ഈ കുട്ടികള്‍ പക്വതയിലെത്തുന്നതു കൊണ്ടോ അല്ല ഇത്‌. ജനിച്ചു വീഴുമ്പോള്‍ മുതല്‍ ഈ കുഞ്ഞുങ്ങള്‍ അങ്ങിനെ പരിശീലിപ്പിക്കപ്പെടുന്നതുകൊണ്ടാണ്‌. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ നിലനില്‍പ്പിനു വേണ്ടി ഈ കുട്ടികള്‍ക്കിങ്ങനെയൊക്കെ ആകാതെ തരമില്ല എന്നും വ്യാഖ്യാനിക്കാവുന്നതാണ്‌.

ബ്രസ്റ്റ്‌ഫീഡ്‌ ചെയ്യുന്ന അമ്മമാരുടെയെണ്ണം 10 ശതമാനം മാത്രമേ ഉണ്ടാവൂ ഇവിടെ. ഇനി അഥവാ ചെയ്താലും ഒരാറുമാസം വരെ മാത്രം. പല്ലു വന്ന കുഞ്ഞിനെ എങ്ങനെ മുലയൂട്ടും എന്നല്‍ഭുതത്തോടെ എന്നോട്‌ ചോദിച്ചത്‌ എന്റെ കുഞ്ഞിന്റെ പീഡിയാറ്റ്രീഷന്‍ തന്നെയായിരുന്നു. ഫോര്‍മുല എന്ന പേരിലറിയപ്പേടുന്ന കൃത്രിമപ്പാല്‍ മാത്രം കുടിച്ചാണീ കുഞ്ഞുങ്ങള്‍ ആദ്യത്തെ 3 മാസം ജീവിക്കുന്നത്‌. അമ്മയുടെ മുലപ്പാലിന്റെ അതേ മണമുള്ള ഫോര്‍മുല പൊടി രൂപത്തിലും, നേരേ കുപ്പിയിലൊഴിച്ചു കുടിക്കാന്‍ പറ്റിയ 'റെഡി റ്റു യൂസ്‌' രൂപത്തിലും, പിന്നെ കുഞ്ഞിനു ഗ്യാസിന്റെ അസ്വസ്ഥതകള്‍ ഉണ്ടാകാതിരിക്കാനുള്ളത്‌, കുഞ്ഞു തികട്ടാതിരിക്കാനുള്ളത്‌, പശുവിന്‍പാല്‍ അലര്‍ജിയുള്ള കുഞ്ഞുങ്ങള്‍ക്കുള്ളത്‌..ഇങ്ങനെ പലപല ഭാവങ്ങളിലും ലഭ്യമാണ്‌. മുലപ്പാലില്‍ അടങ്ങിയിരിക്കുന്ന എല്ലാ പോഷകങ്ങളും അടങ്ങിയിരിക്കുന്നു എന്നവകാശപ്പെടുമ്പോള്‍ തന്നെ മുലയൂട്ടുന്നതാണു കുഞ്ഞിന്റെ ആരോഗ്യത്തിനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനുമൊക്കെ നല്ലതെന്നും അവര്‍ ഓര്‍മിപ്പിക്കാറുണ്ട്‌.

മുലയൂട്ടല്‍ അത്ര വ്യാപകമല്ലാത്തതു കൊണ്ടാവണം 'പാസിഫയര്‍' ന്റെ ഉപയോഗം ഇവര്‍ക്കിടയില്‍ ഉണ്ടായത്‌. ജനിച്ചുകഴിഞ്ഞാല്‍ കുറച്ച്‌ ആഴ്ചകളിലേക്കു sucking reflux എല്ലാ കുട്ടികള്‍ക്കും തന്നെയുണ്ടെന്നാണു വൈദ്യശാസ്ത്രം പറയുന്നത്‌. നമ്മുടെ കുട്ടികള്‍ അമ്മയുടെ നെഞ്ചില്‍ ആ സുരക്ഷിതത്വം കണ്ടെത്തുമ്പോള്‍ അമേരിക്കന്‍ കുട്ടികള്‍ റബ്ബറിലോ പ്ലാസ്റ്റിക്കിലോ ഉണ്ടാക്കിയ ഒരു നിപ്പിളില്‍ ഇതു കണ്ടെത്തുന്നു എന്ന വ്യത്യാസം മാത്രം. ചെറുപ്പം മുതല്‍ ഈ പാസിഫയര്‍ ഇങ്ങനെ വായില്‍ തിരുകി (നമ്മുടെ നാട്ടില്‍ കുഞ്ഞുങ്ങള്‍ വിരല്‍ കുടിക്കുന്നതിനു പകരം എന്നും പറയാം) ശീലിക്കുന്നതു കൊണ്ടു ഒന്നരയോ രണ്ടോ വയസ്സു വരെ പാസിഫയര്‍ ശരീരത്തിന്റെ ഭാഗമാണോ എന്നു സംശയിച്ചു പോകുന്ന പോലെ, ഇരുപത്തിനാലു മണിക്കൂറും ഇതു വായില്‍ തിരുകി, യാതോരു വിധ ചൈതന്യവും ഇല്ലാത്ത, ചടഞ്ഞുകൂടിയിരിക്കുന്ന കുട്ടികളെ കാണുമ്പോള്‍ ഒരു വല്ലായ്ക തോന്നാറുണ്ടെനിക്ക്‌.

3-4 മാസമാകുമ്പോള്‍ തന്നെ കുഞ്ഞുങ്ങള്‍ക്കു പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളുമൊക്കെ അരച്ചു കൊടുക്കാന്‍ തുടങ്ങുന്നു. (ആരും അരച്ചും വേവിച്ചുമൊന്നും കഷ്ടപ്പെടുന്നില്ല, എല്ലാം വേവിച്ചരച്ചതു കുപ്പിയിലാക്കി മേടിക്കാന്‍ കിട്ടും).നാട്ടിലേതു പോലെ കുഞ്ഞുങ്ങളെ നോക്കാന്‍ മുത്തശ്ശിമാരോ വീട്ടിലെ മറ്റു മുതിര്‍ന്ന അംഗങ്ങളോ ഇവിടെയില്ലല്ലോ. മാതാപിതാക്കള്‍ 2 പേരും ജോലിക്കാരാണെങ്കില്‍ 6 ആഴ്ചത്തെ മറ്റേ‍ണിറ്റി ലീവിനു ശേഷം കുഞ്ഞിനെ ഡേകെയറിലോ മറ്റോ ഏല്‍പ്പിച്ച്‌ അമ്മ ജോലിക്കു പോകാന്‍ നിര്‍ബന്ധിതയാവുന്നു. കുഞ്ഞുങ്ങളെ വളര്‍ത്തി വലുതാക്കുന്ന വരെ ആര്‍ക്കെങ്കിലും ഒരാള്‍ക്കു, (ആ ഒരാള്‍ ആരെന്നുള്ളതു ആര്‍ക്കാണോ വരുമാനം കൂടുതല്‍, വരുമാനം കൂടുതല്‍ ഉള്ള ആ ജോലി നല്ല ഒരു കരിയര്‍ ആണോ, അതോ വെറും പേ ച്ചെക്കു മാത്രമാണോ, തുടങ്ങി പല കാര്യങ്ങളേയും ആശ്രയിച്ചിരിക്കും) ജോലി വേണ്ടെന്നു തീരുമാനിക്കുന്ന ആളുകളും ഇല്ലാതില്ല, സാമ്പത്തിക ശേഷി അനുവദിക്കുമെങ്കില്‍.

ഏകദേശം ഒന്‍പതു പത്തു മാസമാകുന്നതോടുകൂടി കുഞ്ഞുങ്ങള്‍ തനിയേ സ്പൂണ്‍ ഉപയോഗിച്ചു ഭക്ഷണം കോരി കഴിക്കാന്‍ പഠിക്കുന്നു. എന്റെ ഒരു വയസ്സുകാരിയെ ഡേക്കെയറിലാക്കാന്‍ നേരം, എന്റെ കുഞ്ഞിനു ഭക്ഷണം കോരി വായില്‍ വച്ചു കൊടുക്കുന്ന ഡേകയറിലേ വിടുള്ളൂ എന്ന വാശിയില്‍ ഞാന്‍ ഒരുപാടന്വേഷിച്ചു.

'ഒരു വയസ്സുകാരിക്കു കോരിക്കൊടുക്കുകേ'? ഞാന്‍ വിളിച്ച എല്ലാ ഡേകെയറിലേം മദാമ്മമാര്‍ അല്‍ഭുതം കൊണ്ടു വാ പൊളിച്ചു.

'പക്ഷേ എന്റെ കുട്ടിയെ ഞാന്‍ തനിയെ കഴിക്കാന്‍ പഠിപ്പിച്ചിട്ടില്ല. ഷീ ഈസ്‌ നോട്ട്‌ ട്രെയിന്‍ഡ്‌ ഫോര്‍ ഫീഡിംഗ്‌ ഹെര്‍സെല്ഫ്‌''. ഞാന്‍ കരഞ്ഞു പറഞ്ഞു നോക്കി.

'അവള്‍ തനിയെ പഠിച്ചുകൊള്ളും! ഇല്ലെങ്കില്‍ ഞങ്ങള്‍ അവളെ ട്രെയിന്‍ ചെയ്യും'.

എന്റെ കുഞ്ഞു പകലു മുഴുവനും പട്ടിണിയാകുമല്ലോ ഈശ്വരാ.. എന്നാകുലപ്പെട്ടിരുന്ന ഞങ്ങളെ അല്‍ഭുതപ്പെടുത്തിക്കൊണ്ടു ആദ്യത്തെ ആഴ്ച തന്നെ അവള്‍ സ്പൂണ്‍കൊണ്ടു തനിയെ ഭക്ഷണം കോരിക്കഴിക്കാന്‍ തുടങ്ങി. ഇന്ത്യക്കാരുടെ കുഞ്ഞോ അതോ അമേരിക്കന്‍ കുഞ്ഞോ എന്നതല്ല, മറിച്ച്‌, നമ്മള്‍ കുട്ടികളെ എങ്ങനെ പരിശീലിപ്പിക്കുന്നു എന്നതിലാണു കാര്യം എന്നെനിക്കിതോടെ വ്യക്തമായി.

കുഞ്ഞുങ്ങളെ ഉറക്കുന്ന രീതിയിലാണു മറ്റൊരു പ്രധാന വ്യത്യാസം ഞാന്‍ കണ്ടത്‌. മൂന്നു വയസ്സു വരെ അല്ലെങ്കില്‍ രണ്ടു വയസ്സു വരെയെങ്കിലും, അമ്മ കൂടെക്കിടന്നു കൊട്ടിയോ, തൊട്ടിലിലാട്ടിയോ, തോളത്തിട്ടു കൊട്ടിയോ, കഥ പറഞ്ഞോ, പാലു കുടിപ്പിച്ചോ ഒക്കെയാണു നമ്മള്‍ കുട്ടികളെ ഉറക്കാറ്‌. പക്ഷേ ഇവിടെ ആറു മാസക്കാരി വെറുതെ കൊണ്ടു പൊയി തൊട്ടിലില്‍ കിടത്തിയാല്‍ തനിയേ ഉറങ്ങുന്നതു കണ്ടു ഞാന്‍ അന്തം വിട്ടു വായും പൊളിച്ചിരുന്നിട്ടുണ്ട്‌. അതും വൈകിട്ടുറക്കിയാല്‍, രാത്രിയിലെങ്ങും ഇടക്കൊന്നു പോലും ഉണര്‍ന്നു കരയാതെ തുടര്‍ച്ചയായി രാവിലെ വരെ. നമ്മളോ, ഇടക്കെത്രയോ വട്ടം കുഞ്ഞുങ്ങള്‍ ഉണരുന്നു, കരയുന്നു, കൂടെ അമ്മയും ചിലപ്പോള്‍ അച്ഛനും ഉണരുന്നു. പിന്നെ പാലു കൊടുത്തോ ആട്ടിയോ കൊട്ടിയോ പാട്ടു പാടിയോ ഒക്കെ എങ്ങിനെയോ ഉറക്കുന്നു. രാവിലെ ഉണരുമ്പോള്‍ അമ്മക്കും കുഞ്ഞിനും രാത്രി നന്നായുറങ്ങാത്തതിന്റെ ക്ഷീണം ബാക്കി.

അതിന്റെയൊന്നും യാതൊരു വിധ ആവശ്യവുമില്ലെന്നാ ഇവരു പറയുന്നത്‌. നാലു മുതല്‍ അഞ്ചു മാസത്തോടു കൂടി, അതായതു ഫോര്‍മുലയോ മുലപ്പാലോ മാത്രം എന്ന അവസ്ഥയില്‍ നിന്നു സോളിഡ്‌ ഫൂഡ്‌ കൂടി കഴിച്ചു തുടങ്ങുന്നതോടെ കുഞ്ഞിനു രാത്രി മുഴുവന്‍ ഒന്നോ രണ്ടോ മണിക്കൂര്‍ ഇടവിട്ടുണര്‍ന്നു പാലു കുടിച്ചു വിശപ്പു തീര്‍ക്കേണ്ട ആവശ്യം തീരെ ഇല്ലാതാകുന്നു. ആ സമയത്തു കുഞ്ഞിനെ നമ്മള്‍ തനിയെ ഉറങ്ങാനും കൂടി പഠിപ്പിച്ചാല്‍ പിന്നീടങ്ങോട്ടു രാത്രി ഉണര്‍ന്നു കരയാതെ ആ കുഞ്ഞു തനിയെ ഉറങ്ങിക്കൊള്ളും. ആദ്യം ഇതു വായിച്ചപ്പോള്‍ ഞാനും ചിരിച്ചു തള്ളി. പക്ഷേ പിന്നീടു നേരില്‍ കണ്ടപ്പോള്‍ വിശ്വസിക്കാതിരിക്കാനായില്ല.അമ്മയും അച്ഛനും സുഖമായി കട്ടിലില്‍ കിടന്നുറങ്ങുന്നു. കുഞ്ഞതേ മുറിയിലോ മറ്റൊരു മുറിയിലോ, ക്രിബ്‌ എന്നറിയപ്പെടുന്ന തൊട്ടിലില്‍ രാത്രി മുഴുവനും സുഖമായുറങ്ങുന്നു. കുഞ്ഞുങ്ങളെ അമ്മയുടെ കൂടെ കട്ടിലില്‍ തന്നെ കിടത്തിയുറക്കുന്ന രീതി ഇവിടെ തീരെ ഇല്ല. കുഞ്ഞുണ്ടാവുന്ന ദിവസം മുതല്‍ തന്നെ, കുഞ്ഞു തൊട്ടിലില്‍ ഉറങ്ങി പരിശീലിക്കുന്നു. സഹശയന രീതി, സിഡ്സ്‌ (sudden infant death syndrome) മൂലം കുഞ്ഞുങ്ങള്‍ മരിക്കാനോ, ഉറക്കത്തില്‍ അമ്മ അറിയാതെ കുഞ്ഞിനു മേലേ കയ്യോ കാലോ മറ്റോ എടുത്തു വച്ചു കുഞ്ഞിനു ശ്വാസതടസ്സം നേരിടാന്‍ സാധ്യത ഉള്ളതുകൊണ്ടും ഡോക്ടര്‍മാര്‍ തീരെ പ്രോല്‍സാഹിപ്പിക്കുന്നില്ല.

കൂട്ടത്തില്‍ പറയട്ടെ, ഇവിടെ നമ്മുടെ നാട്ടിലെ പൊലെ തുണി കൊണ്ടു കെട്ടിയുണ്ടാക്കുന്ന ആട്ടുന്ന തൊട്ടില്‍ ഇല്ല. ഇവിടെ തൊട്ടില്‍ എന്നു പറയുന്നതു നമ്മുടെ കട്ടിലിന്റെ ഒക്കെ അത്ര തന്നെ വീതിയുള്ള, ഏകദേശം അതിന്റെ ഒരു പകുതിയില്‍ കൂടുതല്‍ നീളമുള്ള, കുഞ്ഞു വീണു പോകാതെ 4 വശത്തും കമ്പുകള്‍ വച്ചു കെട്ടിയ ഒന്നാണ്‌. അമേരിക്കയില്‍ ജീവിക്കുന്ന ഇന്ത്യക്കാര്‍ കുഞ്ഞുങ്ങളെ തൊട്ടിലില്‍ കിടത്തി ഉറക്കുന്നോ, അതോ നമ്മുടെ പരമ്പരാഗത ശൈലിയില്‍ കൂടെ കിടത്തി ഉറക്കുന്നോ എന്ന കാര്യത്തില്‍ എനിക്കത്ര തിട്ടമില്ല. "മലയാളികള്‍ വല്യ ജാടക്ക്‌ അമേരിക്കന്‍ രീതിയിലൊക്കെ വളര്‍ത്താമെന്നു വ്യാമോഹിച്ച്‌ ക്രിബ്‌ മേടിക്കും. പക്ഷേ, അമ്മയും കുഞ്ഞും കൂടി കട്ടിലില്‍ കിടന്നുറങ്ങും, ക്രിബ്‌ തുണികളൊക്കെ മടക്കിയൊതുക്കി വക്കാന്‍ പെട്ടി പോലെ ഉപയോഗിക്കും!" . ഒരു വയസ്സു പ്രായമുള്ള മകളുള്ള ഒരു സുഹൃത്തു പറഞ്ഞതാണിത്‌.

ഇവിടെ വന്നപ്പോള്‍ കണ്ട മറ്റൊരു അല്‍ഭുതമാണു ഇന്‍ഫന്റ്‌ കാര്‍സീറ്റ്‌. ഇതുവരെ പറഞ്ഞതൊക്കെ ഇവിടുത്തെ സമൂഹത്തിലെ നല്ല രീതികള്‍ എന്നുള്ള നിലയില്‍ ആളുകള്‍ ചെയ്യുന്നതാണെങ്കില്‍, കാര്‍സീറ്റാകട്ടെ, നിയമപ്രകാരം നിര്‍ബന്ധമായ ഒന്നാണ്‌. കുഞ്ഞുങ്ങള്‍ ജനിച്ച്‌ ആശുപത്രിയില്‍ നിന്നു പോരുമ്പോള്‍തന്നെ കാര്‍ സീറ്റ്‌ കൊണ്ടുവന്നിട്ടുണ്ടെങ്കില്‍ മാത്രമേ കൊടുത്തു വിടാന്‍ പാടുള്ളൂ എന്നമേരിക്കയിലെ മിക്കവാറും സംസ്ഥാനങ്ങളിലും നിയമമുണ്ട്‌. ജനിക്കുമ്പോള്‍ മുതല്‍ ഒരു വയസ്സാകുന്നതു വരെ ഇന്‍ഫന്റ്‌ കാര്‍ സീറ്റിലാണു കുഞ്ഞുങ്ങള്‍ ഇരിക്കേണ്ടത്‌. ഈ കാര്‍ സീറ്റാവട്ടെ കാറിന്റെ പുറകിലത്തെ സീറ്റില്‍ പുറകോട്ടു തിരിച്ചാണു വക്കേണ്ടതും. ഒരു വയസ്സും, ഇരുപതു പൌണ്ട്‌ തൂക്കവുമായി കഴിഞ്ഞാല്‍ കുഞ്ഞിനു ഇന്‍ഫന്റ്‌ കാര്‍ സീറ്റില്‍ നിന്നും റ്റോഡ്‌ലര്‍ കാര്‍ സീറ്റിലേക്കു പ്രമോഷന്‍ കിട്ടുന്നു. 40 പൌണ്ട്‌ തൂക്കം വക്കുന്നതു വരെ കുഞ്ഞുങ്ങള്‍ കാര്‍സീറ്റില്‍ തന്നെയിരിക്കണം. 60 മുതല്‍ നൂറ്റിയന്‍പതോ അതിനു മുകളിലോ കിലോമീറ്റര്‍ വേഗത്തില്‍ ചീറിപ്പായുന്ന കാറുകളില്‍, കാറില്‍ തന്നെയുള്ള സീറ്റ്‌ബെല്‍റ്റ്‌ കുഞ്ഞുങ്ങളെ സീറ്റുമായി ചേര്‍ത്തു ബന്ധിപ്പിക്കാന്‍ ഉപകരിക്കില്ല എന്നതുകൊണ്ടാണു, കുഞ്ഞുങ്ങളുടെ സുരക്ഷയെക്കരുതി ഇങ്ങനെയൊരു നിയമം.

ആദ്യമൊക്കെ ഇതെന്തൊരേര്‍പ്പാടെന്നു ചിന്തിച്ചെങ്കിലും പിന്നീടിതിന്റെ പലമാതിരി ഗുണങ്ങളും സൌകര്യങ്ങളും മനസ്സിലാക്കിയപ്പോള്‍ ആ ചിന്ത മാറി. (കുഞ്ഞിനേയും മടിയില്‍ വച്ചു പുറകിലിരുന്നതിനു 2 പ്രാവശ്യം പോലീസ്‌ പിടിക്കേണ്ടി വന്നു, ഈ ബോധോദയം ഉണ്ടാവാന്‍) രാവിലെ കുഞ്ഞിനെ ഡേകെയറിലാക്കാനും, വൈകിട്ടു തിരിച്ചു കൊണ്ടു വരാനുമൊന്നും 2 പേര്‍ക്കും കൂടി ഒരുമിച്ചു പോകാന്‍ പറ്റിയെന്നു വരില്ല. അപ്പോള്‍ കാര്‍സീറ്റില്ലാരുന്നെങ്കില്‍ എങ്ങനെ കുഞ്ഞിനെയും കയ്യില്‍ പിടിച്ച്‌ ഒറ്റക്കു ഡ്രൈവ്‌ ചെയ്യാന്‍ സാധിക്കും ? പൊടിക്കുഞ്ഞിനെ സീറ്റില്‍ ഒറ്റക്കിരുത്താനാവില്ലല്ലോ. ഇതാവുമ്പോള്‍ കുഞ്ഞിനെ കാര്‍ സീറ്റിലിരുത്തി ബെല്‍റ്റിട്ടു കഴിഞ്ഞാല്‍ പിന്നെ ഒന്നും പേടിക്കാതെ അമ്മക്കോ അച്ഛനോ ഒറ്റക്കു ഡ്രൈവ്‌ ചെയ്തെവിടെ വേണമെങ്കിലും, ഷോപ്പിങ്ങിനോ ജോലിക്കോ ഒക്കെ സുരക്ഷിതമായി പോകാം. കുഞ്ഞുങ്ങള്‍ക്കും അമ്മയുടെയോ അച്ഛന്റെയോ മടിയിലിരുന്ന് ഓരോ പ്രാവശ്യവും ബ്രേക്ക്‌ ചവിട്ടുമ്പോള്‍ മുന്നോട്ടാഞ്ഞു പോകുന്നതിന്റെ അസ്വസ്ഥതകള്‍ ഇല്ലാതെ കാഴ്ചകളൊക്കെ കണ്ടു മടുക്കുമ്പോള്‍ സുഖമായിരുന്നുറങ്ങുകയും ചെയ്യാം.

ഇനിയുമുണ്ടേറെ വ്യത്യാസങ്ങള്‍, നമ്മുടെ രീതിയും സായിപ്പിന്റെ രീതിയും തമ്മില്‍. സായിപ്പ്‌ അപ്പി ഇട്ടിട്ടു കുണ്ടി കഴുകില്ല എന്നുള്ളതാണല്ലോ നമ്മുടെയൊക്കെ മനസ്സിലേക്കോടിയെത്തുന്ന ആദ്യത്തെ വ്യത്യാസം. ഇക്കാര്യത്തില്‍ ഇവിടെയുള്ള മലയാളികള്‍ എന്താണാവോ അവരുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നത്‌ ? സായിപ്പിന്റെ രീതിയോ, അതോ നമ്മുടെ രീതിയോ ? അറിയില്ല. എന്റെ മകളെ പരിശീലിപ്പിക്കാന്‍ സമയമാകുന്നേയുള്ളൂ. സ്കൂളില്‍ പോകുമ്പോളും പഠിപ്പിക്കുന്ന രീതിയിലുമൊക്കെ ഉള്ള വ്യത്യാസങ്ങള്‍, മുതിര്‍ന്ന കുട്ടികളുള്ള ഉമേഷ്ജിയോ, നിളേടച്ഛനോ ഒക്കെ പറയട്ടെ.

വാല്‍ക്കഷണം:അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന മൂന്നു മക്കളുള്ള മലയാളി ദമ്പതികള്‍ മക്കളോടൊപ്പം നാട്ടിലെത്തി. തിരിച്ചു പോകാന്‍ നേരം പെട്ടികള്‍ പലതും കാലി. കാരണം 2 പെട്ടി നിറയെ മൂവര്‍സംഖത്തിനു കാര്യം സാധിച്ച ശേഷം തുടക്കാന്‍ വേണ്ട റ്റോയ്‌ലറ്റ്‌ പേപ്പറാരുന്നു:)

34 Comments:

 • അമേരിക്കയിലുള്ളവര്‍ അമേരിക്കന്‍ വിശേഷങ്ങള്‍ എഴുതുന്നില്ലായെന്ന കലേഷിന്റെ മുറവിളി കേട്ടപ്പോള്‍ മനസില്‍ വിരിഞ്ഞ പോസ്റ്റ്. എഴുതാന്‍ പേനയുമെടുത്ത് കാലും നീട്ടിയിരുന്നപ്പോഴാണ് ഉമേഷ് മാഷിന്റെ ചോദ്യം-“നമുക്കും വേണ്ടേ നാലും കൂട്ടി മുറുക്കി സൊറപറയാന്‍ ഒരു സ്ഥലം?”

  എന്നാല്‍ ശരി ഇതിവിടെത്തന്നെ കിടക്കട്ടെ.

  http://americankavala.blogspot.com/2006/04/blog-post.html

  അമേരിക്കയിലുള്ളവര്‍ മുറുക്കി തുപ്പുന്ന പലതും ഇനി ഇവിടെ കാണാം :)

  By Blogger Kuttyedathi, at 7:06 PM  

 • കുട്യേടത്തീ, ഇതൊരെണ്ണം അത്യാവശ്യമായിരുന്നു! അമേരിക്കന്‍ ബ്ലോഗര്‍മാര്‍ മറ്റു ബ്ലോഗരെ അപേക്ഷിച്ച് പുലികളും വിവരം കൂടിയവരുമായതുകൊണ്ടായിരിക്കാം അവര്‍ അവിടുത്തെ വിശേഷങ്ങളൊന്നും എഴുതാതെ സ്റ്റാന്‍ഡേര്‍ഡ് കൂടിയ സംഭവങ്ങളൊക്കെ പോസ്റ്റ് ചെയ്യുന്നത് എന്നൊക്കെ ഞാന്‍ (തെറ്റി)ധരിച്ചിരുന്നു! :)
  നന്നായി!
  വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു!

  By Blogger Kalesh Kumar, at 11:41 PM  

 • This comment has been removed by a blog administrator.

  By Blogger അഭയാര്‍ത്ഥി, at 3:03 AM  

 • 46 വയസുള്ള ഒരു കുട്ടിയെ കാണണൊ- വേണ്ട പെരറിയണൊ- ഗന്ധറ്‍വന്‍.
  എന്നോടു മക്കളെ ഉപദെശിക്കാന്‍ പറഞ്ഞാല്‍ ചെയ്യില്ല.
  കാരണം പറയട്ടെ. ഹോട്ടലില്‍ പോയാല്‍ വെള്ളം ആദ്യം തട്ടി മറ്‍ക്കുക ഗന്ധറ്‍വന്‍. കഴിഞ്ഞ വകേഷനില്‍ 4 ഇല്‍ പഠിക്കുന്ന മകനെ ഉപദേശിക്കേണ്ടി വന്നു ഭാര്യ പീഢ മൂലം." മകനെ അമ്മ പറഞ്ഞതു കേള്‍ക്കു , നിന്റെ പഠന സാമഗ്രികള്‍ നീ തന്നെ സൂക്ഷിക്കു, നീ വലിയ കുട്ടി ആയില്ലെ." ഒരു ചെറിയ അടിയും കൂട്ടത്തില്‍ അനുസരണ കേടിനു.

  അരമണിക്കൂറിനു ശേഷം ഗന്ധറ്‍വന്‍., കാലങ്ങളായി ആരും കഴിക്കതെ ഇരിക്കുന്ന ബദാം പൊടിച്ചു, നെയ്യും, പഞ്ചസാരയും ചേറ്‍തു എല്ലാവരെക്കൊണ്ടും ഭക്ഷിപ്പിക്കാന്‍ വേണ്ടി മിക്സിയില്‍ ഇട്ടു ഓണ്‍ ആക്കിയതും മിക്സിയുടെ അടപ്പു തെറിച്ചു, ബദാമും പഞ്ചസാരയും മുറിയിലെങ്ങും ചിതറുകയും ചെയ്തു. കാരണം 1 ഇലേക്കു തിരിക്കുന്നതിനു പകരം നേരെ 5 ഇലേക്കു.
  അമ്പരന്നു കയ്യില്‍ മുറിവുമായി വിഷണ്ണനായി നില്‍ക്കുന്ന എന്നെ നോക്കി മന്ദഹാസമുതിറ്‍ക്കുന്നു സീമന്ത പുത്റന്‍.
  അവന്റെ വക ഒരു കമെന്റും "അച്ചാ ഒരു വിരല്‍ നാം മറ്റുള്ളവരെ ചൂണ്ടുമ്പോള്‍ മറ്റു മൂന്നു വിരല്‍ നമ്മെ തന്നെ ചുണ്ടുന്നു".

  ഉപദെശിച്ചൊ ശാസിച്ചൊ മക്കളെ നാന്നാക്കുന്ന കാര്യം എനിക്കു ചിന്തിക്കാന്‍ വയ്യ. "മക്കളേ നിങ്ങള്‍ നിങ്ങളായി വളരുക".

  By Blogger അഭയാര്‍ത്ഥി, at 3:11 AM  

 • വാല്‍ക്കഷണത്തെപറ്റി:
  പ്രവാസത്തിന്റെ അക്ലിമറ്റൈസേഷന്‍ തമാശകളെക്കുറിച്ച്‌ Do you squat on the pot എന്ന് റാം സി അയ്യര്‍ എന്നൊരു പഹയന്‍ ഒരു രസകരമായ ആര്‍ട്ടിക്കില്‍ എഴുതിയിട്ടുണ്ട്‌ ഇന്ത്യന്‍ ക്ലോസറ്റില്‍ ഇരുന്നു പത്തിരുപതു വര്‍ഷം ജീവിച്ച പാവം മലയാളി കൊമോഡിനു മുകളില്‍ വലിഞ്ഞു കയറുന്നതാണു സ്ക്വാട്ട്‌ ഓണ്‍ പോട്ട്‌. ഇപ്പോ നാട്ടിലും "തൂറ്റലു പിഞ്ഞാണി" മാറി ഈ യൂറോപ്യന്‍ ക്ലോസറ്റ്‌" ആകിയതുകാരണം
  ഇന്നതെ പിള്ളേര്‍ക്കു ആ പ്രശ്നമില്ല

  By Blogger ദേവന്‍, at 3:14 AM  

 • എന്താ വേണ്ടത്‌, എന്താ വേണ്ടാത്തത്‌ എന്ന് വേര്‍തിരിച്ചറിയാന്‍ വയ്യാത്ത ഒരു കാര്യമാണ്‌ കുഞ്ഞു കുട്ടികളെ വളര്‍ത്തല്‍:

  അച്ചടക്കം വേണ്ടേ? == തീര്‍ച്ചയായും വേണം.

  Self reliability വേണ്ടേ == അതും വേണം.

  പക്ഷേ ഒരു വയസ്സാവുന്നതിന്‌ മുന്നേ കത്തിയും മുള്ളും ഉപയോഗിക്കാന്‍ പഠിപ്പിക്കണോ == അറിയില്ല, ആവശ്യമുണ്ടെങ്കില്‍ മാത്രം പഠിപ്പിക്കാം.

  ബാത്‌ റൂമില്‍ വെള്ളം തൂവരുത്‌, സ്വീകരണ മുറിയില്‍ പൊടി ആക്കരുത്‌, സോഫയില്‍ കാല്‍ ചവിട്ടരുത്‌, ശബ്ദമുണ്ടാക്കി നടക്കരുത്‌ === ഇതൊക്കെ എപ്പോഴാ പറഞ്ഞു കൊടുക്കുക.

  "അടിച്ചിടം വൃത്തികേടാക്കാന്‍ ഉള്ള കുഞ്ഞിക്കാല്‌" ആ കണ്‍സെപ്റ്റ്‌ പോയോ == ആവോ!!!

  ഇതൊക്കെ കഴിഞ്ഞിട്ടും, അടുക്കി വെച്ചിരുന്ന പുസ്തകങ്ങളും പത്രങ്ങളും ഒക്കെ വലിച്ചു വാരിയിട്ട്‌, അതിനിടക്ക്‌ എവിടെ നിന്നോ കിട്ടിയ ഒരു കുഞ്ഞു കളര്‍ പെന്‍സിലും പൊക്കി പിടിച്ച്‌, "അച്ചാ, ശീ തിശ്‌" എന്നും പറഞ്ഞ്‌ എന്റെ ഒന്നേ മുക്കാല്‍ വയസ്സുകാരി വരുമ്പോള്‍ അവള്‍ക്കും എനിക്കും കിട്ടുന്ന സന്തോഷത്തിന്‌ ഞങ്ങള്‍ വേറെ എവിടെപ്പോവും?

  By Blogger കണ്ണൂസ്‌, at 3:44 AM  

 • ഇവിടെ (ദുബായില്‍)പിള്ളെര്‍ ഒന്നു തടഞ്ഞു വീണാല്‍ പിടിച്ച് എഴുന്നേല്‍പ്പിക്കാതെ പാരെന്റ്സ് നോക്കി നില്‍ക്കുന്നത് കണ്ടിട്ടുണ്ട്. പിന്നെ റോഡ് ക്രോസ്സ് ചെയ്യുമ്പോള്‍ കാണാം പിള്ളേരെ രണ്ടു കൈയിലും തൂക്കി പിടിക്കുന്നു.

  ആദ്യമൊക്കെ വേദനയുളവാക്കിയിരുന്നു ഈ കാഴ്ച. പിന്നെ പെറ്റ തള്ളയ്ക്കും തന്തയ്ക്കും വേദനയില്ല പിന്നെയാണോ നമുക്ക്, എന്ന മട്ടില്‍ കടന്നു പോകും.

  അല്ലെങ്കിലും കേരളത്തില്‍ മാതാപിതാക്കള്‍ മക്കളെ താലോലിക്കുന്നത് കുറച്ച് കൂടുതലല്ലേ എന്ന് തോന്നാറുണ്ട്. കയറില്ലാതെയുള്ള കെട്ടിയിടലുകള്‍, എല്ലാത്തിനെതിരെയും പേടിപ്പിച്ച് നിര്‍ത്തല്‍ അങ്ങിനെ നിരവധി വേണ്ടാതീനങ്ങള്‍ ..
  ഗന്ധര്‍വ്വന്‍ പറഞ്ഞ പോലെ കുട്ടികള്‍ വളരട്ടെ..

  By Blogger ചില നേരത്ത്.., at 3:51 AM  

 • This comment has been removed by a blog administrator.

  By Blogger അതുല്യ, at 4:42 AM  

 • പല നാട്ടില്‍ പല പോലെ. അതു കുട്ടികള്‍ക്ക്‌ മാത്രമല്ലല്ലോ? മുതിര്‍ന്നവര്‍ അമേരിയ്ക പോലെയുള്ള രാജ്യത്ത്‌ പങ്കാളികളെ പലത്‌ മാറുമ്പോ, നമ്മള്‍ക്കത്‌ (സമൂഹത്തില്‍) അന്യം. അതു പോലെ ജീവിത രീതിയിലും, കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ആ രാജ്യത്തെ രീതി അല്ലെങ്കില്‍ വളര്‍ന്ന് വന്ന സാഹചര്യത്തിനൊത്ത്‌ മാറുന്നു.

  സെറ്റ്‌ മുണ്ടാണു എന്റെ നാടിന്റെ വേഷമ്ന്ന് കരുതി, കൂട്ട്യടത്തി, അമേരിയ്കലും പോയി അപ്പീസിലു അതു ഉടുത്ത്‌ നിന്നാ, അതിന്റെ ഒരു പോരായ്ക കാണുന്നില്ലേ? രാജ്യത്തെ രീതി എന്തോ അതു പോലെ നമ്മളും മാറേണ്ടി വരുന്നു, അല്‍പം കൂട്ടി കിഴിച്ചിലുണ്ടാവും എന്നു മാത്രം.

  ചാണക തറ വീട്ടീന്ന്, കൊടും തണുപ്പുള്ള രാജ്യത്തു പോകുന്നവര്‍, എന്റെ കുഞ്ഞ്‌ ചാണകത്തറയില്‍ തന്നെ ചവിട്ടണമ്ന്ന് പറഞ്ഞ്‌ ചാണകം മെഴുകാറില്ലല്ലോ? കുഞ്ഞിന്റെ കാലു തണുക്കരുത്‌ എന്ന് പറഞ്ഞ്‌ കാര്‍പെറ്റ്‌ ഇടുന്നു. അവനവന്റെ (മാതാപിതാക്കളുടെ) സൌകര്യം പോലെ തന്റെ കുഞ്ഞിനെ വളര്‍ത്താവുന്നതാണു. കുട്ടിയേടത്തീടെ കഴിഞ്ഞ പോസ്റ്റിലെ പെണ്ണുമ്പിള്ളേനെ പോലെ അവര്‍ക്കു വേണോ ആയിക്കൊട്ടെ, വേണ്ടേ? വേണ്ടാ എന്ന മട്ടാണു നല്ലതു.

  മറ്റൊരു രാജ്യത്തിന്റെ കഥ പോട്ടെ, സ്വന്തം കുടുംബത്തു പോലെ, എട്ടനിനിയമ്മാര്‍ ഒരേ കൂരയ്കു താഴെ കുട്ടികളേ വളര്‍ത്തുന്നത്‌ പലവിധം അല്ലേ? അമ്മ നമ്മളെ വളര്‍ത്തിയത്‌ കാലു നീട്ടി അതിന്റെ ഇടയില്‍ ഇരുത്തി, കഥ പറഞ്ഞ്‌ കാര്യം സാധിപ്പിച്ചിരുന്നു. അതില്‍ നിന്ന് ഒരുപാടു ദൂരം പോയി,കെട്ടിക്‌ കൊണ്ട്‌ വന്ന മകന്റെ ഭാര്യ, പ്ലാസ്റ്റിക്ക്‌ പോട്ടി വാങ്ങി അതിലോട്ട്‌ മാറി. അമ്മ കണ്ടു നിന്നു. പ്രതികരണം നാസ്ഥി. കാരണം കാലം മാറുന്നു, സോ, കാലും മാറി.

  കളിപാട്ടങ്ങിളില്ലാത്ത എന്റെയും നിങ്ങള്‍ പറഞ്ഞപോലെ വലിയ കുട്ടികളുള്ള ഉമേഷിന്റെയും കാലം. പറമ്പിലും കിഴക്കേപറത്തും ഇരുന്ന് കളിച്ച്‌ എണീറ്റ്‌ പോയിരുന്നു, എടുത്തു വയ്കാന്‍ ഒോലപന്തും, കണ്ണന്‍ ചിരട്ടയും മാത്രം. എടുത്തു വച്ചില്ലെങ്കില്‍ ഒരു ചുക്കുമില്ലാ. ഇന്ന്, കൈ അകലമുള്ള്‌, സോപ്പുപെട്ടി പോലുള്ള വീടുകളില്‍, കളി കഴിഞ്ഞാ പോലീസു മുറയില്‍, കളിപ്പാട്ടങ്ങള്‍ ബാക്ക്‌ ടു ഷെല്വ്‌ ആക്കണം, കാലു വയ്കാന്‍ സ്ഥലം വേണ്ടേ? അപ്പോ അത്‌ ഒരു ശീലമാക്കി കുഞ്ഞുങ്ങളെ അടിച്ചേപ്പിയ്കുന്നു. ലളിതമായ, ഒരു കോളേജിലും പോയി പഠിയ്കേണ്ടാത്ത ലോജിയ്ക്‌.

  അങ്ങനെയങ്ങോട്ട്‌ പലതിലും മാറ്റം. 4 വയസ്സോളം മുലയൂട്ടിയിരുന്ന നമ്മടെ അമ്മമ്മാരെവിടെ? 90 കഴിയുമ്പോ കുപ്പി പാല്‍ തിരുകി തിരക്കിട്ടോടുന്ന ഞാനടക്കമുള്ള അമ്മയെവിടെ? എന്തേ മാറി നമ്മള്‍? അമ്മിഞ്ഞപാലിനെൊപ്പം ഒന്നുമാവില്ലാ എന്നറിഞ്ഞിട്ടും എന്തു കൊണ്ട്‌ മുല മാറ്റി കുപ്പി തിരുകി? അപ്പോ നല്ലതോ ചീത്തയോ എന്നതല്ലാ, മാറി വരുന്ന ജീവിത ചുറ്റുപാടുകളില്‍ ഏതാണു അനുയോജ്യം എന്ന മാനസീകാവസ്ഥയിലേയ്ക്‌ നമ്മള്‍ മാറുന്നു. അമേരിയ്കയല്ല നെല്ലായിലും കാസര്‍ഗോട്ടും, കാശ്മീരും കഥയിതു തന്നെ. നാളെ കലേഷിന്റെ കുഞ്ഞിനു, കലേഷ്‌ കളിപാട്ടത്തിനു പകരം ഒരു ലാപ്റ്റോപ്പ്‌ ഒരുപക്ഷെ ഒരു വാങ്ങി കൊടുത്തൂന്ന് വരും, കാരണം കുഞ്ഞ്‌ അതാവും കൂടുതല്‍ ഇഷ്ടപെടുന്നത്‌. അതു കൊണ്ട്‌ ഞാന്‍ കണ്ണുസ്സ്‌ പറഞ്ഞ പോലെ എന്തു വേണം വേണ്ട എന്ന രീതി ശരിപെടുത്തിയെടുക്കുവാന്‍ അല്‍പം ബുദ്ധിമുട്ടാണെന്ന കാര്യം സമ്മതിയ്കുന്നു.

  എന്നും നമ്മള്‍ മാറുന്നു. കുഞ്ഞിനു 5 വയസ്സു വരെ പെന്‍സില്‍ കൈയില്‍ തിരുകരുതെന്ന് പെടിയാട്രീഷന്‍ അസ്സോസിയേഷന്‍ സര്‍വേയില്‍ പറഞ്ഞിരുന്നു. അതു ശരിയെന്ന് ഒരു പരിധി വരെ നമ്മള്‍ക്കറിയാമെങ്കിലും, 3 വയസ്സവുമ്പോ തന്നെ നമ്മള്‍ നാട്ട്‌ നടപ്പ്‌ അനുസരിച്ച്‌ സ്കൂളിലേയ്ക്‌ കഴുത്തിറുക്കി റ്റൈ കെട്ടി, 6.20 ന്റെ ബസ്സില്ലേറ്റി സ്കൂളിലെത്തിയികുന്നു. ദുബായിക്കാരു കണ്ടിരിയ്കും, ഗരൂദീലെ കിന്റര്‍ ഗാര്‍ഡന്‍ സ്റ്റാര്‍ട്ടേഴ്സ്‌ ബസ്സില്‍ തലയുറയ്ക്കാത്ത മൂന്നു വയസ്സു കുഞ്ഞുങ്ങള്‍ രാവിലെ 6.20 ന്റെ ബസ്സില്‍ ഉറങ്ങിയാടി ഷാര്‍ജ മുതല്‍ ഗരൂദു വരെ 1.30 മണിക്കൂര്‍ യാത്ര ചെയ്ത്‌ സ്കൂളിലെത്ത്തുന്നത്‌. അതു കൊണ്ട്‌ കുട്ടിയേടത്തി അഭിപ്രായം ആരാഞ്ഞു, കാര്യങ്ങള്‍ പഠിയ്കാന്‍ നിന്നാ, വൈദ്യന്‍ ചന്തയ്കു പോയ പോലെയാവും (ദേവന്‍ ചന്തയ്കു പോയ പോലെന്നും പേറായാം.) കരിങ്കാലി വെള്ളം ഒഴിച്ച്‌ മറ്റൊന്നും കലോറിയില്ലാത്തവയുണ്ടാവില്ലാ. ആത്മ ബുദ്ധി സ്ഥിരം ചെയ്‌വ, പലബുദ്ധി വിനാശകാ....

  By Blogger അതുല്യ, at 4:55 AM  

 • അമേരിക്കായിലെ വിശേഷങ്ങള്‍ക്ക് സ്വാഗതം!

  വര്‍ഷാവര്‍ഷം പേറും പ്രസവവും നടന്നിരുന്നു നമ്മുടെ മുന്‍ തലമുറയില്‍. പാടത്തും പറമ്പിലും പണിയൊഴിഞ്ഞിട്ട് കുട്ടികളെ ലാളിച്ച് വഷളാക്കാന്‍ അധികമാര്‍ക്കും അവസരമുണ്ടായിരുന്നില്ല, കൂട്ടുകുടുംബങ്ങളായിരുന്നിട്ടു പോലും. ഇന്ന് കുട്ടികളുടെ എണ്ണം ഒന്നും ഒന്നരയും ആക്കിയപ്പോഴാണ്, ഒന്നേയുള്ളുവെങ്കില്‍ ഉലക്കകൊണ്ട് അടിച്ചു വളര്‍ത്തണം എന്നത് മറന്ന്, സ്വയം പര്യാപ്തതയിലേക്ക് നയിക്കാതെ ശാരീരികമായി മാത്രം കുട്ടികളെ വളര്‍ത്തുന്നത്. സ്വാഭാവികമായ അവരുടെ വളര്‍ച്ചയെ സഹായിക്കുക മാത്രമേ നമ്മള്‍ മാതാപിതാക്കള്‍ ചെയ്യേണ്ടതുള്ളൂ. (ചായ്‌വ് അമേരിക്കായിലേക്ക്...)

  മുലപ്പാല്‍ എളുപ്പം ദഹിക്കും. അതുകൊണ്ടുതന്നെ കുട്ടികള്‍ രാത്രിയിലും എഴുന്നേറ്റ് കരയും. സോളിഡ് ഫുഡ് കൊടുത്താല്‍ നാല് പെഗ്ഗടിച്ച് ബോധമില്ലാതെ ഉറങ്ങുന്നതുപോലെ ക്ഷീണം കൊണ്ട് കുഞ്ഞ് തളര്‍ന്നുറങ്ങിയേക്കാം. ഇതിലും വലിയ അപകടം നമ്മുടെ അമ്മമാര്‍ ചെയ്യുന്നുണ്ട്. മുലപ്പാലിനൊപ്പം, കുഞ്ഞ് വേഗം വളരാന്‍ ചോറും കറിയും കൊടുക്കുന്നത്. പാവം രാത്രി മുഴുവന്‍ വയറ് അസ്വസ്ഥമായി കരഞ്ഞുകൊണ്ടിരിക്കും. ചവയ്ക്കാന്‍ പ്രായമാവുമ്പോഴേ അന്നജം അടങ്ങിയ ഭക്ഷണം നല്‍കാവൂ എന്ന് എത്ര പറഞ്ഞാലും ഇവര്‍ സമ്മതിക്കുകേല! മുലയൂട്ടാതെ വളര്‍ത്തുന്ന കുട്ടികള്‍ക്ക് അവരുടെ അമ്മമാരെ തിരിച്ചറിയാന്‍ കഴിയുന്നുണ്ടോ കുട്ട്യേടത്തിയേ? (ചായ്‌വ് അമ്മയുടെ നെഞ്ചിലെ ചൂടിലേക്ക്...)

  ഡേകെയര്‍ സെന്ററുകളുടേയും വൃദ്ധസദനങ്ങളുടേയും എണ്ണത്തില്‍ ആനുപാതികമായ വളര്‍ച്ചയല്ലേ നമ്മുടെ നാട്ടിലും കാണുന്നത്? (എങ്ങോട്ട് ചായും?)

  ആരോഗ്യമുള്ള മനുഷ്യന്റെ മലം കുഴലിന്റെ ആകൃതിയിലും ഉറച്ചും, പക്ഷേ കഠിനമല്ലാതെയും ഇരിക്കും. മലം ശരീരത്തെ മലിനമാക്കാതെ ഒഴിഞ്ഞു പോകണം. സായിപ്പിനു മാത്രമല്ല, നമുക്കും, ആരോഗ്യമുണ്ടെങ്കില്‍ അപ്പി ഇട്ടാല്‍ കുണ്ടി കഴുകുകയോ കടലാസുകൊണ്ട് തുടയ്ക്കുകയോ വേണ്ടി വരില്ല!

  By Blogger സ്വാര്‍ത്ഥന്‍, at 7:53 AM  

 • എന്റെ വകയും ഒരു സ്പൂണ്‍ എണ്ണ:

  ഒരുവയസ്സുകഴിഞ്ഞകുട്ടിക്ക്‌ മുലപ്പാലുകൊണ്ട്‌ പ്രത്യേകിച്ച്‌ പ്രയോജനമൊന്നുമില്ലെന്ന് ആയുര്‍വേദക്കാരും പറയുന്നു. (റഫ: ഒല്ലൂര്‍ ആയുര്‍വേദകോളേജ് പ്രിന്‍സി മുരളീധരന്‍)

  By Blogger Cibu C J (സിബു), at 8:12 AM  

 • This comment has been removed by a blog administrator.

  By Blogger myexperimentsandme, at 8:36 AM  

 • വെരിഫൈ ചെയ്തിട്ടില്ല.. എന്നാലും ഇതാണ്‍ കിട്ടിയത്......

  The World Health Organization (WHO) and UNICEF state that all children, in both developed and undeveloped countries, be breastfed a minimum of two years, or beyond, and acknowledge that the average age of weaning worldwide is about four years old. One study indicates that breast cancer in the United States could decline by 25% if all women would breastfeed their children for at least two years.

  കൂടുതല്‍ കാലം (ഒരു വയസ്സിലും കൂടുതല്‍) മുലയൂട്ടുന്നത് കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തിന്‍ നല്ലതാണെന്ന്.......

  By Blogger myexperimentsandme, at 8:38 AM  

 • കലേഷ്‌,

  അമേരിക്കന്‍ ബ്ലോഗര്‍മാര്‍ എണ്ണത്തില്‍ കൂടുതലുണ്ടെങ്കിലും, ഗള്‍ഫന്മാരെ അപേക്ഷിച്ചു മിക്കവര്‍ക്കും തന്നെ വീട്ടില്‍ കമ്പ്യൂട്ടറുണ്ടായിട്ടും, പോസ്റ്റുകള്‍ കൂടുതല്‍ വരുന്നതു ഗള്‍ഫന്മാരില്‍ നിന്നാകുന്നതെന്തേ ആവോ ? കലേഷ്‌ പറഞ്ഞ പോലെ സ്റ്റാന്‍ഡാര്‍ഡ്‌ കൂടിയ സംഭവങ്ങളേ എഴുതൂ എന്നു വാശി ഉള്ളതുകൊണ്ടാകുമോ ?

  ഗന്ധര്‍വ്വരേ,

  ഗന്ധര്‍വന്‍ പറഞ്ഞ ആ 'നിങ്ങളായി വളരാനുള്ള' അവസരം നമ്മുടെ നാട്ടില്‍ പോലും ഇപ്പോ കുട്ടികള്‍ക്കു കിട്ടണുണ്ടോ ? സംശയമുണ്ട്‌. വല്ലാതെ ഓവര്‍പ്രൊട്ടക്റ്റഡ്‌ ആയി, ഒരുപാടു 'Do's and Dont's നിടയില്‍ കൃത്യം റ്റൈംറ്റേബിള്‍ വച്ചു ചിട്ടപ്പെടുത്തിയ ജീവിതമല്ലേ ഇപ്പോളത്തെ കുട്ടികളുടേത്‌?

  കുട്ടികളെ 'വളര്‍ത്തുക'യല്ലേ മാതാപിതാക്കള്‍ ? അല്ലാതെ അവരെ സ്വതന്ത്രരായി വളരാന്‍ വിടുകയല്ലല്ലോ.

  നാലു വയസ്സുകാരനെയും, പിന്നെ പുതുതായി നാലു വയസ്സുകാരനു കളിക്കാന്‍ കൂട്ടു വന്ന (കുഞ്ഞനുജനോ/അനുജത്തിയോ ) ആളേയും ഞങ്ങള്‍ക്കൊക്കെ ഒന്നു കാണിച്ചു തരുമോ, ഗന്ധര്‍വരേ.

  By Blogger Kuttyedathi, at 12:08 PM  

 • എന്നാ പിന്നെ ഞാന്‍ ബാക്കി ഒരു ടിന്‍ എണ്ണ കൂടെ ഒഴിച്ചേക്കാം ആളിക്കത്തട്ടേ.
  അമ്മയുടേ പാല്‍ ആവുന്നിടത്തോളം കുട്ടിക്കു കൊടുക്കുക ഒരു വയസ്സുവരെ തീര്‍ച്ചയാവും വേണം എന്നാണു പൊതുവേ അംഗീകരിക്കപ്പെടുന്ന കാര്യം. ഇനി പൊതുവേ അംഗീകരിക്കപ്പെടാത്ത സത്യം. ജന്തുക്കളുടെ പാലുകുടിക്കുന്ന (മുതിര്‍ന്നവരുടേയത്രയും ഇല്ലെങ്കിലും) കുട്ടികള്‍ക്ക്‌ ദോഷമേ ചെയ്യൂ. ദൈവത്തെയോര്‍ത്ത്‌ കാലികളുടെ പാലു കൊടുത്ത്‌ കുഞ്ഞുങ്ങളെ കൊല്ലാതെ അപ്പന്മാരെ അമ്മമാരേ. കുട്ടികളെ അവരെ കൊലക്കു കൊടുക്യേ? ചാവുദോഷം കിട്ടും.

  പശു/ആട്‌/പട്ടി/പന്നി/ഒട്ടകക്കുഞ്ഞുങ്ങളുടെ ഒക്കെ ഡിസൈന്‍ വേരൊരുരീതിയിലാകയാല്‍ അതിന്റെയൊക്കെ പാലിന്റെ ഘടനയും വത്യസ്ഥമാണ്‌. കുട്ടികളെ മൃഗസ്രവങ്ങളൂട്ടിക്കൊല്ലുന്ന അമ്മമാര്‍ ഒരാഴ്ച്ച അതൊന്നു നിറുത്തിയാല്‍ മൂക്കൊലിപ്പ്‌ ചുമ അലര്‍ജി, ചെവിവേദന, ശ്വാസം മുട്ടല്‍, മലബന്ധം, അധോവായു, മസില്‍ പിടിത്തം, വയട്ടീന്നുപോക്ക്‌ എന്നിവ ഉടന്‍ വിട്ടുമാറുന്നത്‌ സ്വയം കണ്ട്‌ ബോദ്ധ്യപെടാവുന്നതേയുള്ളു. അയ്യായിരം കൊല്ലം മുന്നേ ജീവിച്ചിരുന്ന "ഹിപ്പോക്രാറ്റ്‌" സാറിനു പോലും ആരിയാമായിരുന്ന ഈ കാര്യം ജനങ്ങളില്‍ നിന്നും മറച്ച്‌ കൌബോയിമാരും ഗോപാലന്മാരും നമ്മുടെ കുഞ്ഞുങ്ങളെ ചിത്രവധം ചെയ്യുന്നു. ലോക്കല്‍ പീഡിയില്‍ നിന്നും ഉയര്‍ന്ന ആരെങ്കിലും (ആറ്റ്‌ വൂഡ്‌ നെ പോലെയുള്ള ലോകപ്രശസ്ഥ പീഡികള്‍ പണ്ടേ പാലു
  വിഷമാണെന്നു പറഞ്ഞിട്ടുണ്ട്‌. പാലിലെ ഹോര്‍മോണും മറ്റു വിഷവും പുറമേയും)

  വാഗ്വാദങ്ങള്‍ക്കും ഗോഗ്വാദങ്ങള്‍ക്കും ഞാന്‍ തയ്യാര്‍.ഞാന്‍ അമേരിക്കനല്ലാത്തതുകാരണം മറുപടി കൊണ്ട്‌ സമകാലില്‍ പതിക്കുമെന്നേയുള്ളൂ ആ ബ്ലോഗ്‌ ദേശത്രയാതീതം. എന്റെ അമ്മ എനിക്കു പാലു തന്നു എന്നിട്ടു ഞാന്‍ ചത്തില്ലല്ലോടേ അപ്പീ എന്ന ലൈനില്‍ നിന്നു മാത്രം ഒഴിയും.. അതൊരു 101 തവണ ഉത്തരം പറഞ്ഞു കഴിഞ്ഞ സംഭവമാണ്‌.

  http://www.notmilk.com/kradjian.html http://www.notmilk.com/forum/783.html എന്നിവ വായിക്കാന്‍ ക്ഷമയുള്ളവര്‍ വായിക്കുക.

  സ്വാര്‍ത്ഥാ "മലാകൃതി" തീയറി അവസ്രോചിതമായ കമന്റ്‌ ആയിരുന്നു. (പ്രകൃതി ചികിത്സകന്‍ ആണല്ലേ? )

  By Blogger ദേവന്‍, at 2:07 PM  

 • ദേവേട്ടോ, (അയ്യയ്യേ ഈ ചിന്ന പയ്യന്‍സിനെയാ എല്ലാരും കേറി ദേവേട്ടോന്നൊക്കെ വിളിച്ചു കളഞ്ഞത്‌. അയ്യേ...അയ്യയ്യയ്യേ... ച്ഛേ..ച്ഛേച്ഛേ.. വേഗം ഇപ്പോളത്തെ ഫോട്ടം പോസ്റ്റിക്കോ.. അല്ലെങ്കില്‍ എല്ലാരും ചേട്ടനൊക്കെ പിന്‍വലിച്ചു ചെക്കാന്നു വിളിക്കുമേ:)

  ഒരൊന്നന്നര വയസ്സു വരെയൊക്കെ മുലപ്പാലു കൊടുക്കാമെന്നല്ലാതെ, 4 വയസ്സു വരെയൊക്കെ നടക്കുന്ന കാര്യമാണോ, ഇന്നത്തെക്കാലത്ത്‌ ? മിക്കവാറും അപ്പോളേക്കും രണ്ടാമത്തെ കുഞ്ഞു വരും. അപ്പോ പിന്നെ നിറുത്താതെ തരമില്ലല്ലോ.

  മാത്രവുമല്ല, മുലപ്പാല്‍ കുടിക്കല്‍ നിറുത്തുന്നതോടെ കുഞ്ഞുങ്ങള്‍ കുറച്ചുകൂടി ഒന്ന് തന്‍കാര്യ പ്രാപ്തി നേടുന്നതായി എനിക്കു തോന്നിയിട്ടുണ്ട്‌. അമ്മയെക്കണ്ടാല്‍ അപ്പോള്‍ അമ്മിഞ്ഞയില്‍ കടിച്ചു തൂങ്ങി കിടക്കുക എന്ന അവസ്ഥയില്‍ നിന്നും, ഉറങ്ങണമെങ്കില്‍ അമ്മയും കൂടെ കെടന്നേ പറ്റൂ എന്ന അവസ്ഥയില്‍ നിന്നുമൊക്കെ മാറി, കഥ വായിച്ചു കേട്ടും, ചിത്രപുസ്തകങ്ങള്‍ നോക്കിയും ഉറങ്ങുക, കൂടുതല്‍ സമയം കളികള്‍ക്കും, exploring നും ഉപയോഗിക്കുക തുടങ്ങിയ നല്ല മാറ്റങ്ങള്‍. നാലു വയസ്സു വരെ പാലു കുടിപ്പിച്ചാല്‍ നാലു വയസ്സു വരേക്കും കുഞ്ഞ്‌ അമ്മക്കും ചുറ്റും കറങ്ങുന്ന വെറും ഉപഗ്രഹമായി വളരും. അത്ര തന്നെ.

  അപ്പോള്‍ പിന്നെ പകരം പശു/എരുമ ആദിയായവയുടെ പാലല്ലാതെയെന്തു കൊടുക്കും ? ഒരു വയസ്സു മുതല്‍ കൌസ്‌ മില്‍ക്‌ കൊടുക്കുന്നതില്‍ കുഴപ്പമില്ലെന്നാണല്ലോ, ഇവിടെ പറയാറ്‌.

  കണ്ണൂസേ,

  എത്രയോ ശരി. ഏതു വേണം, ഏതു വേണ്ട എന്നുള്ള കണ്‍ഫൂഷന്‍ കുഞ്ഞുങ്ങളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ വല്ലാതെ അനുഭവിക്കുന്നുണ്ട്‌. പൊതുവായി ഇന്നതു ചെയ്യുക, ഇന്നതു വേണ്ടെന്നു വക്കുക, എന്നു തീരുമാനിക്കുന്നതിനെക്കാള്‍ ഓരോരുത്തരും അവരവരുടെ സാഹചര്യത്തിന്നനുസരിച്ചു തീരുമാനിക്കുന്നതാവും ശരി.

  ഉദാഹരണത്തിന്‌, കുഞ്ഞിനെ ഡേകെയറിലയക്കാന്‍ ഉദ്ദേശമുള്ളവര്‍ അവരെ ചെറുപ്പം മുതല്‍ സ്പൂണും ഫോര്‍ക്കും ഉപയോഗിച്ചു കഴിക്കാന്‍ പഠിപ്പിച്ചാല്‍ പിന്നീട്‌ 'എന്റെ കുഞ്ഞ്‌ ആകെ മെസ്സി ആയിട്ടാരിക്കുമോ കഴിക്കുന്നത്‌', അവള്‍ ഭകഷണം കൊടുത്ത പാത്രം എടുത്തു തല വഴി കമത്തി കാണുമോ, അപ്പോള്‍ ശുണ്ഡി വന്നിട്ടു മദാമ്മ അവളേ തല്ലിക്കാണുമോ എന്നൊന്നും ആലോചിച്ചു തല പുകക്കേണ്ടി വരില്ല.

  വിശ്വാസ സംഹിതകള്‍ക്കെതിരാവില്ലെങ്കില്‍ ഒന്നേമുക്കാല്‍ വയസ്സുകാരിയെ ഞങ്ങളെയൊക്കെയൊന്നു കാണിക്കുമോ ?

  ഹമ്മേ... ഞാന്‍ മടുത്തു. ഇനി ബാക്കി മറുപടികള്‍ നാളെ. (രായമാണിക്യം കാണാന്‍ പോണ്‌ പയലുകളേ..:)

  By Blogger Kuttyedathi, at 6:52 PM  

 • കുട്ട്യേടത്തി എന്ത് പോസ്റ്റിയാലും അതൊരു സംഭവം ആകുന്നത് ശ്രദ്ധിച്ചിട്ടുണ്ട്.

  ഇന്‍ഫോര്‍മേറ്റീവായ പോസ്റ്റും കമന്റുകളും!

  എല്ലാവരും കമന്റിയിട്ട് പ്രിന്റൌട്ട് എടുക്കാമെന്ന് വച്ചിരിക്കുകയാണ്.

  എനിക്ക് രണ്ട് ക്ടാങ്ങളുണ്ട്. ഒരു ആറുവയസ്സുകാരിയും ഒരു ആറുമാസംകാരിയും. കുട്ട്യേടത്തി പറഞ്ഞ അതേ ടിപ്പിക്കല്‍ മലയാളി രീതിയില്‍ തന്നെയാണ് വളര്‍ത്തുന്നത്. അതില്‍ വല്യ കുഴപ്പമൊന്നും തോന്നിയിട്ടില്ല, എങ്കിലും നല്ലതെന്ന് തോന്നുന്നവ അപ്ലൈ ചെയ്യാന്‍ ശ്രമിക്കാറുമുണ്ട്.

  ഒരുമാതിരി എല്ലാ സൌകര്യങ്ങളും ചെയ്തുകൊടുത്ത് പരമാവധി ലാളിച്ച്, ശ്രദ്ധിച്ച് തന്നെ വളര്‍ത്തുന്നു. ആറുവയസ്സുകാരി കുറുമ്പ് കാട്ടിയാല്‍ ആദ്യം വളരെ സോഫ്റ്റായി പറഞ്ഞുകൊടുക്കും, വീണ്ടും ആവര്‍ത്തിച്ചാല്‍ ‘എപ്പ പെടച്ചൂ എന്ന് ചോദിച്ചാല്‍ മതി’

  By Blogger Visala Manaskan, at 9:08 PM  

 • സിബു,

  എന്റെ അറിവില്‍ ഉള്ള ആയുര്‍വേദക്കാര്‍ (കോട്ടക്കല്‍ / കോയമ്പത്തൂര്‍ ആര്യവൈദ്യശാലകളിലെ ഡോക്‍സ്‌) മുലപ്പാല്‍ രണ്ട്‌ വയസ്സ്‌ വരെ കൊടുക്കുന്നതാണ്‌ നല്ലത്‌ എന്ന് പറഞ്ഞിരുന്നു. മുലപ്പാല്‍ കൊടുക്കുന്ന പ്രതിരോധ ശേഷി മാത്രമല്ല ഇതിനു കാരണം. ഘര ഭക്ഷണത്തിന്റെ ദഹനത്തിനും, പുതിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ജനിപ്പിച്ചേക്കാവുന്ന അമ്ലതയുടെ അളവ്‌ കുറക്കുന്നതിനും ഇത്‌ സഹായിക്കുമത്രേ.

  ദേവാ,

  എല്ലാ കുട്ടികള്‍ക്കും ജന്തുക്കളുടെ പാല്‍ കൊണ്ടുള്ള അസ്കിത ഉണ്ടാവില്ല എന്നാണ്‌ എന്റെ അറിവ്‌. പാല്‍ നേര്‍പ്പിച്ചിട്ടാണെങ്കില്‍ കൈക്കുഞ്ഞുങ്ങള്‍ക്ക്‌ വരെ കൊടുക്കാം. അതില്‍ ഉള്ള മിനറല്‍സിന്റെ ഒക്കെ ഗുണം കിട്ടണമെങ്കില്‍ 9-12 മാസം പ്രായം ആവണം എന്നു മാത്രം. (മുലപ്പാല്‍ ആവശ്യത്തിന്‌ ഇല്ലാത്ത അമ്മമ്മാരുടെ കുഞ്ഞുങ്ങള്‍ക്ക്‌ പശൂംപാല്‍ നേര്‍പ്പിച്ചു കൊടുക്കുകയാണല്ലോ നാട്ടിലെ പതിവ്‌.) ആവശ്യത്തിനു നേര്‍പ്പിക്കാത്ത പാല്‍ കൊടുക്കുന്നതു കൊണ്ടാണ്‌ 9 മാസത്തില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക്‌ ദഹനക്കേട്‌ കാണപ്പെടുന്നത്‌. എരുമപ്പാല്‍ പാടില്ല, കാരണം എത്ര നേര്‍പ്പിച്ചാലും അതിലെ കൊഴുപ്പ്‌ കുഞ്ഞുങ്ങള്‍ക്ക്‌ ദഹിപ്പിക്കാന്‍ പറ്റിയതിലും കൂടുതല്‍ ആണത്രേ. (ഇതും ഒരു ആയുര്‍വേദക്കാരന്റെ അഭിപ്രായം തന്നെ.)

  കുട്ട്യേ(ടത്തി),

  ഒരു വയസ്സിന്‌ മുന്‍പ്‌ പരിശീലിപ്പിച്ചാല്‍ കുട്ടികള്‍ സ്‌പൂണ്‍ കൊണ്ട്‌ തന്നെ കഴിക്കും എന്ന കാര്യത്തില്‍ എനിക്ക്‌ സംശയം ഒന്നുമില്ല. പക്ഷേ, അവര്‍ വേണ്ടത്ര കഴിക്കുമോ എന്ന കാര്യത്തില്‍ നല്ല സംശയമുണ്ട്‌. വാരിക്കൊടുക്കുമ്പോള്‍, അമ്മക്ക്‌ വയററിഞ്ഞ്‌ കൊടുക്കാന്‍ പറ്റും. പക്ഷേ, തന്നെ കഴിക്കുന്ന കുട്ടികള്‍ ഭക്ഷണം കഴിച്ചു എന്ന പേരു വരുത്തുകയേയുള്ളു മിക്കവാറും.

  മോളുടെ ഫോട്ടോ ഉടന്‍ പോസ്റ്റ്‌ ചെയ്യാം. (നേരത്തെ വക്കാരിയും പറഞ്ഞിരുന്നു.). അത്യന്താധുനിക ദിജിറ്റന്‍മാരേ ഒന്നും പ്രയോഗിക്കാന്‍ ഉള്ള പ്രാഗത്‌ഭ്യം ഇല്ലാത്തതു കാരണം എനിക്ക്‌ നമ്മുടെ പഴയ ഒളിമ്പസില്‍ എടുത്ത സംഭവങ്ങള്‍ സ്കാന്‍ ചെയ്തു തന്നെ ഇടണം. അതാണ്‌ താമസം.

  By Blogger കണ്ണൂസ്‌, at 10:03 PM  

 • This comment has been removed by a blog administrator.

  By Blogger അഭയാര്‍ത്ഥി, at 10:40 PM  

 • This comment has been removed by a blog administrator.

  By Blogger അഭയാര്‍ത്ഥി, at 10:43 PM  

 • എന്റെ മകനും അവകാശപ്പെട്ട സ്വാതന്ത്റിയത്തോടെ വളരുന്നു എന്നു ഞാന്‍ അവകാശപ്പെടില്ല. അവനു താഴെ ഉള്ളവന്‍ 9 വയസ്സു ഇളപ്പം.
  എന്റെ മകനെ അവന്റെ അമ്മ, കനത്ത അച്ചടകത്തിന്റെ ചട്ടക്കൂടില്‍ വളറ്‍ത്താന്‍ ശ്റമിക്കുന്നു. അതെല്ലാം വിദഗ്ദ്ധമായി ലങ്കിക്കുകയും പുതിയ രീതിയില്‍ കുട്ടികളെവളറ്‍ത്തേണ്ടതു എങിനെ എന്നു അവന്‍ അമ്മയെ പഠിപ്പിക്കുകയും ചെയ്യുന്നു. ഒരു കാര്യത്തില്‍ മാത്രം അനുസരണ കാട്ടുന്നു. പഠിപ്പില്‍. അമ്മക്കു ഹാവൂ.... പറയാന്‍ അതു മതിയാകുന്നു. ഗന്ധറ്‍വന്‍ സ്വന്തം ജീനിനെ തിരിച്ചറിയുന്നു.

  ഗന്ധറ്‍വന്‍ കനത്ത അച്ചടക്ക പാലനത്തിനു പോകാറില്ല. അതിനു തുനിഞ്ഞ ഗന്ധറ്‍വ പിതാവു ഗന്ധറ്‍വനു "ആശാരിയുടെ നായ" എന്ന നാമ വിശേഷണം തന്ന്തു ഓറ്‍മയുള്ളതു കൊണ്ടു.

  എന്റെ ചെറുപ്പത്തില്‍ അച്ചന്‍ ഞങ്ങളെ നമ്പറ്‍ ഇട്ടാണു വിളിക്കുക. പേരോറ്‍മിക്കാന്‍ ബുദ്ധിമുട്ടാണെന്നു ആള്‍ ഇടക്കിടെ പറയുമായിരുന്നു. സ്നേഹപ്റകടനം "മുടിയനായ പുത്റാ", "കൊടിച്ചിക്കാളി", "അധികപറ്റു", തുടങ്ങി വിശേഷണങ്ങളായിരുന്നു.

  മക്കളെ അഗാധമായി സ്നേഹിച്ചിരുന്ന ആ വന്ധ്യ പിതാവു, ഓരോ നിമിഷവും മക്കളെന്നോറ്‍ത്തു വ്യാകുലപെടുന്നതു കണ്ടതു കൊണ്ടു, ഗന്ധാറ്‍വനും സ്വാതന്ത്റിയങ്ങളൊക്കെ മക്കള്‍ക്കു കൊടുക്കുന്നു. ഒപ്പം ശബരിമല കയറ്റുന്നു. പമ്പയില്‍ അച്ഛനു ബലി ഇടീപ്പിക്കുന്നു.
  അവനോടും പറയുന്നു "മകനെ മക്കളെ ഒരു പാടു സ്നെഹിച്ച ഒരാളായിരുന്നു നിന്റെ അപ്പൂപ്പന്‍. നീയും ഇതുപോലെ നിന്റെ മകനു സ്മരണകള്‍ പകരുക. പൈത്റുകം മാത്റമെ നാമിവിടെ അവശെഷിപ്പിക്കുകയുള്ളു".

  ഒരടിക്കുറിപ്പു ദേവനു.

  ഗന്ധറ്‍വന്‍ മിന്നലിനെ സ്പാറ്‍കായി കാണാറില്ല. അസുഖകരമായതു ആറ്‍ക്കെതിരേയും എഴുതാറില്ല. ഏതെങ്കിലും ആളെ നല്ലതു പറയുന്നു എങ്കില്‍ ഗന്ധറ്‍വനു ബോദ്ധിയപ്പെട്ടതിനു ശേഷം മാത്റം. വാക്കുകളിലെ വറ്‍ണന ആ ബോദ്ധിയപ്പെടലിന്റെ സാക്ഷി പത്റം.

  "എന്‍ പാട്ടുക്കുള്ളേയും സങ്കതിയുണ്ടു - അല്ലാമെ ഇരുന്താ മറ്റുള്ളവരൊടു കേളു "

  By Blogger അഭയാര്‍ത്ഥി, at 10:57 PM  

 • ഗന്ധര്‍വ്വന്റെ എഴുത്തൊക്കെ കൊള്ളാമെങ്കിലും അക്ഷരത്തെറ്റു് അസഹനീയം തന്നെ. എന്തായാലും “വന്ധ്യപിതാവു്” ഒരു കടന്ന കൈയായിപ്പോയി. “പിള്ളേരുണ്ടാകാത്ത അച്ഛന്‍“ എന്നല്ലേ അതിന്റെയൊരു പറയാന്‍ കൊള്ളുന്ന അര്‍ത്ഥം? “വന്ദ്യപിതാവു്” ആയിരിക്കും ഉദ്ദേശിച്ചതു്, അല്ലേ?

  മൂന്നു തവണ തിരുത്തിയിട്ടും ഇതു കണ്ടില്ല അല്ലേ? Spelling errors regretted എന്നെഴുതിയാലും ഇതെങ്ങനെ പറയാതിരിക്കാന്‍ പറ്റും....?

  :-)

  By Blogger ഉമേഷ്::Umesh, at 11:06 PM  

 • Dear ഉമേഷ്

  I do agree that lot of spelling mistakes are there and the one u pointed out was a grave one.

  I am using varamozhi online and there is no anjali font or any malayalam font installed in my computer. I write presuming that if I join this 2 letters it will appear like this. I even read things in that way . There is no "chillu" appears in my computer.

  I am working from a firewall protected server, and hardly I get this site.

  I just want to keep in touch with anything connected to my very existence. So selflessly I do that.

  If u want to see further that how I read things, I can printout the screen and can fax to you.
  koottaksharam appears in 2 or 3 fractions. I can't verify it.

  Sorry & Regrets

  My regards to you for all your guidelines to rectify the errors

  By Blogger അഭയാര്‍ത്ഥി, at 11:22 PM  

 • ഗന്ധര്‍വ്വരേ,

  ഈ സെറ്റപ്പിലിരുന്നുകൊണ്ടാണോ ഇതൊക്കെ എഴുതിവിടുന്നതു്? നമിച്ചു, ഈ ഭാഷാസ്നേഹത്തെയും ക്ഷമയെയും. വിമര്‍ശനം തിരിച്ചെടുത്തിരിക്കുന്നു.

  ലിനക്സില്‍ ഏതാണ്ടിങ്ങനെ തന്നെയാണു് ഞാന്‍ ഇതൊക്കെ കാണുന്നതു്. ഏതായാലും അതിലെഴുതാന്‍ ഞാന്‍ ശ്രമിക്കാറില്ല. എഴുതേണ്ടപ്പോള്‍ വിന്‍ഡോസിലേക്കു പോകും. ദൈവം സഹായിച്ചു ഫോണ്ടൊക്കെ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടു്.

  By Blogger ഉമേഷ്::Umesh, at 11:32 PM  

 • കുട്ട്യേടത്തി, നമ്മള്‍ തമ്മില്‍ നേരിട്ടു പരിചയം ഇല്ലെങ്കിലും, വാക്കുകള്‍‍ കോര്‍ത്തിട്ടില്ലെങ്കിലും, ചെട്ടത്തി പറ‍ഞ്ഞതു മുഴുവന്‍,സത്യമാണ്, അപ്പാടെ. കുറച്ച് അറിവും, നല്ല കാര്യങ്ങളും മന‍സ്സി‍ലാക്കി. പക്ഷേ എനിക്ക്, എന്റെതായ ചില കാഴ്ച്ചപ്പാടുകളുണ്ട്, അഭിപ്രായ വ്യത്ത്യാസങ്ങളും, ഉണ്ട്. അതായതു...
  ഞാന്‍
  ഖത്തറില്‍ കഴിഞ്ഞ 10 വര്‍ഷമായിട്ട്, ഉണ്ട്, ഒരു റിയലിനു 12 രൂപ മേടിക്കാന്‍ തന്നെ വന്നതാ‍, അല്ലാതെ ഷൈക് ഹമാദ്, ഇങ്ങോട്ടു വാ, എന്നു പറഞ്ഞിട്ടു വന്നതല്ല. ഇവിടെ വന്നാല്‍ എല്ലുമുറിയെ പണി ചെയ്യണം എന്നും,ചോര വെള്ളം ആകുന്ന ചൂടയിരിക്കും എന്നും,ഇഞ്ചിനീരാണ്(engineer) എന്നൊന്നും പറഞ്ഞിട്ട് കര്യമില്ല. വെയിലുകൊണ്ടേ പറ്റൂ എന്നറിയാമായിരുന്നു.സൌദി അരേബ്യ അല്ലാത്തതു കൊണ്ട് തല വെട്ടില്ല, അത്രേം മാത്രം സമാധാനമുണ്ട്.
  എന്റെ മൂന്ന് സന്തതികള്‍ ‍
  എന്റെ മൂന്നു സന്തതികളും ഇവിടെ ഈ ഗള്‍ഫ് നാട്ടില്‍ ആണ് ഉണ്ടായത്.പോരായ്മകളുടെ ഇടയിലും, ഒരു വയസ്സു വ്യത്യാസത്തില്‍,വളര്‍ത്തിയെടുത്തു. ഇപ്പൊ അവര്‍ക്ക്, 11, 10, 8. പക്ഷെ, ഇവിടെ ഞാന്‍ എന്റെ 'career development'നു പോയില്ല. മറിച്ച്,സ്കൂള്‍ റ്റീച്ചറായിരുന്ന എന്റെ അമ്മയുടെ നെട്ടോട്ടം, കണ്ടതു കൊണ്ട്, അന്നു തീരുമാനിച്ചു, ഞാന്‍ എന്റെ കുഞ്ഞുങ്ങളുടെ കൂടെയുണ്ടാകും.
  അമേരിക്കയില്‍
  പിന്നെ ഏതു നാട്ടില്‍ചെന്നാലും ആ നാട്ടിലെ നടുത്തുണ്ടം നമ്മള്‍ തിന്നേ പറ്റൂ. പിന്നെ അവനവന്റെ നാടിനെയും രീതികളെയും, ഒരു പരിധിവരെ, നടത്തിക്കൊണ്ടുപോകാം. തണുത്തുറയുന്ന അമേരിക്കയില്‍ , ഞാന്‍ സെറ്റും മുണ്ടുമേ ഇടൂ , എന്നുപറഞ്ഞാല്‍, അതു ‘practical' അല്ല. കുഞ്ഞിനെ 3 മാസം കഴിഞ്ഞ് ,കുപ്പിപ്പാല്‍ കൊടുത്തു പരിചയിപ്പിക്കുന്നതു നല്ലതാണ്, അവിടെത്തെ ‘babysitter" മദാമ്മക്ക്,കുഞ്ഞുങ്ങള്‍‍ തമ്മില്‍ വ്യത്യാസം ഇല്ല. നമ്മുടെ കുഞ്ഞു കരഞ്ഞു കരഞ്ഞു, പഠിക്കും അല്ലെങ്കില്‍ അവര്‍ പഠിപ്പിക്കും. അതു വേണോ?
  ഖത്തറില്‍
  ഇതു അമേരിക്കയില്‍ ജീവിച്ചു പോകാന്‍,ഞങ്ങള്‍ ഇവിടെ ഗള്‍ഫില്‍, വേറെയും ഉണ്ട്, തൊന്തരങ്ങള്‍,‘കദാമ്മ’, അവിടെയുള്ള 'daytime babysitter'ന്റെ ഒരു വകഭേദം. നിവര്‍ത്തികേടു കാര‍ണം രണ്ടു പേരും ജോലിക്കു പോകുമ്പോള്‍‍ ആണ്, ഈ കഥാപാത്രങ്ങളെത്തേടുന്നത്. കൊച്ചിനെ ജീവനോടെ , വൈകിട്ടു തിരികെ കിട്ടിയാല്‍ ഭാഗ്യം.
  100 ഉം 200 ഉം കിലോമീറ്റര്‍ സ്പീഡില്‍ നമ്മുടെ നാട്ടിലെ വണ്ടിയോടില്ല, അവിടെ നമ്മുക്ക് കുഞ്ഞിനെ മടിയിലോ ,നമുക്ക് തോളത്തോ ഒക്കെ വെക്കാം.ഇവിടെ കുഞ്ഞിന്റെ സുരക്ഷക്കു വേണ്ടിയാണ്, baby chair;ഉം ഒക്കെ.
  പിന്നെ,ഇവിടിത്തെ കളികള്‍ കേള്‍ക്കണൊ? മുണ്ടുടുത്താല്‍ പോലീസ് പിടിക്കും, കാലു കാണുന്ന വേഷം ഇട്ടാല്‍, പോലീസ് പിടിക്കും,ഉമ്മവെച്ചാല്‍ പോലീസ് പിടിക്കും,മൈക്കില്‍ക്കൂടി ഒച്ച വെച്ചാല്‍ പോലീസ് പിടിക്കും, സാരിയുടുത്താല്‍ വയറു കാണാന്‍ പാടില്ല, ഒടെനെ ഇവിടെ തൊട്ടടുത്തുകൂടി നടന്നുപോയ ‘മുത്തവക്കു ‘ ദേഷ്യം.ഇതൊക്കെവെച്ചു നോക്കുമ്പോള്‍‍ നിങ്ങളെത്ര ഭാഗ്യവാന്മാര്‍.
  ‍അച്ചടക്കവും,കര്യക്ഷമതയും,ധൈര്യവും, പിന്നെ ഞാന്‍ ആരാണെന്നു, എന്റെ ജീവിതത്തിന്റെ വേരുകള്‍ ഇങ്ങു കേരളത്തിലാണെന്നും, ബോദ്യപ്പെട്ടാല്‍, നമ്മുടെ പിള്ളാരെന്നും ഒരു നല്ല വ്യക്ത്തിത്വത്തിന്റെ ഉടമളായിത്തീരും.

  By Blogger Sapna Anu B.George, at 8:36 AM  

 • അങ്ങനെ വളര്‍ന്നതുകൊണ്ടാണ്‌ കോടിക്കണക്കിനു ഢോലറിന്റെ ആസ്ഥിയുള്ള ബുഷും സില്‍ബന്തികളും കൂടി ലോകം വെട്ടിപ്പിടിക്കാന്‍ പരക്കം പായുന്നത്‌ നല്ല സമൂഹം ഉണ്ടാവണമെങ്കില്‍ നല്ല തന്തമാര്‍ക്കു പിറക്കുകയും നല്ല ത്യാഗിനികളും സൌകര്യങ്ങള്‍ക്കപ്പുറത്ത്‌ മാനുഷീക മൂല്ല്യങ്ങളെ സ്നേഹിക്കുന്ന തള്ളമാര്‍ വളര്‍ത്തുകയും വേണം and visit www.orulokam.blogspot.com

  By Anonymous Anonymous, at 6:13 AM  

 • i am also from the USA. ividey enganey aanu malayalam ezhuthunnathu? aarengilum help cheythal upakaram aayeney.

  By Anonymous Anonymous, at 8:35 PM  

 • 'എന്നോമല്‍ കന്മണിയെ എങ്ങനെ വളര്‍ത്തും? എങ്ങനെ ഞാന്‍ ചൂലെടുത്തു തല്ലി വളര്‍ത്തും??'... എല്ലാ മറുനാടന്‍ മലയാളികള്‍ക്കും പൊതുവായി ഉള്ള സന്ദേഹങ്ങള്‍ പങ്കുവച്ചതിനു നന്ദി, കൂട്ടരെ. ഇവിടെയുമുണ്ടു ആറരയും ഒന്നരയും വയസ്സു വീതമുള്ള മോണ്‍സ്റ്റര്‍മാര്‍ രണ്ടെണ്ണം ('പിതാമഹ'ന്റെ ഉപദേശം അനുസരിച്ചു പൊതിരെ തല്ലിത്തന്നെയാണു നിത്യപൂജ എന്നു വെച്ചോളൂ!)
  മൂത്തവന്‍ ജനിച്ചതും ഒന്നരവയസ്സുവരെ വളര്‍ന്നതും നാട്ടില്‍; മൂന്നുമാസം പ്രായമായതു മുതല്‍ കുഞ്ഞിനെ രാവിലെ ഡേ കെയറിലെ ആന്റിയുടെ കയ്യില്‍ ഏല്‍പ്പിച്ച്‌, ഈശ്വരന്റെ മേല്‍നോട്ടത്തില്‍ വിശ്വസിച്ച്‌ അച്ഛനും അമ്മയും ഇര തേടാന്‍ ഇറങ്ങേണ്ടിവന്നിരുന്ന കാലം..അവന്റെ ഒന്നര വയസ്സ്സില്‍ ഞങ്ങള്‍ നാടു വിടുമ്പോള്‍ അവന്‍ 100% സെല്ഫ്‌ സഫിഷ്യന്റ്‌, 200% അണ്ടര്‍സ്റ്റാണ്ടിംഗ്‌ ആന്‍ഡ്‌ അക്കൊമൊഡേറ്റിവ്‌; ഉറങ്ങുന്നത്‌ അച്ഛന്റെയും അമ്മയുടെയും കൂടെ ആയിരുന്നെങ്കില്‍ പോലും.
  വിദേശത്തു ജനിച്ച രണ്ടാമന്‍ രണ്ടുമാസം മുതല്‍ തനിയെ ക്രിബില്‍ ഉറങ്ങുന്നു, 14 മാസം റ്റൂമുലാ മില്‍ക്കും, അതിനു ശേഷം ഫോര്‍മുലാ മില്‍ക്കും തോന്നുമ്പോഴൊക്കെ കുടിച്ചു കുമ്പിടിയായി 24 മണിക്കൂറും അമ്മയുടെ മേല്‍നോട്ടത്തില്‍ വളരുന്നു. വീട്ടിന്റെ നാലുചുമരിനുള്ളില്‍ ചെക്കന്‍ പ്രസരിപ്പിന്റെയും വികൃതിയുടെയും കൂടാരം, പുറത്തു പോയിട്ടൊ ആരെങ്കിലും വീട്ടില്‍ വന്നിട്ടൊ പുതിയൊരു മുഖം കണ്ടുപോയാല്‍ അലറിവിളിച്ചു കരച്ചില്‍... 'ഇനിയെന്തുവേണമിനിയെന്തുവേണമീ ആക്രാന്തമടങ്ങാന്‍ ദൈവമേ' എന്നു ജയചന്ദ്രശബ്ദത്തില്‍ പാടിനൊക്കിയിട്ടൊന്നും ഒരു രക്ഷയും ഇല്ലല്ലൊ ഈശ്വരാ..ഈ മനുഷ്യരില്ലാദേശത്തു വന്നു പെട്ടും പോയി...

  By Blogger ഉണ്ണി, at 3:19 AM  

 • ഞാന്‍ താമസിക്കുന്നതിന്റെ അടുത്ത് ഒരു ശിശു പരിപാലന കേന്ദ്രമുണ്ട് .എന്നും രാവിലേയും വൈകുന്നേരവും കാണുന്ന ഒരു കാഴ്ചയുണ്ട്..മദാമ്മ(കറുപ്പും,വെളുപ്പും,തവിട്ടുമെല്ലാം) വണ്ടിയും തള്ളി നടക്കും..കൈയുമ്പൊക്കിപിടിച്ച് നിലവിളിച്ചോണ്ട് നല്ല അമ്പോറ്റി കുഞ്ഞുങ്ങള്‍ പുറകേ നടക്കും.എടുക്കാന്‍........അവരു നാലുപാ‍ടും പൊട്ടി നിലവിളിച്ചാലും മദാമ്മമാര്‍ക്ക് അനക്കമില്ല..“ജ്ജോണ്‍,ക്കുമോണ്‍‘ എന്നിടക്കിടക്കു പറയും..കുഞ്ഞിതു കേള്‍ക്കുന്നതും അലറി വിളിക്കും..
  ചിലപ്പോള്‍ കുഞ്ഞ് വണ്ടിയിലായിരിക്കും(കുഞ്ഞുങ്ങളെ ഇരുത്തി ഉരുട്ടുന്ന വണ്ടി)അതിനകത്തിരുന്നു പിടയ്ക്കും.താഴെയിറങ്ങാന്‍.....ബെല്‍റ്റ് ഒന്നുകൂടെ മുറുക്കി വണ്ടിയില്‍ കെട്ടി വയ്ക്കും...കണ്ണുരുട്ടും..

  ഒരാഴ്ച മുന്‍പ് നടന്നതാണ്...എടുക്കാനായി ഒരു കുറുമ്പന്‍ കരയുന്നു..അവന്റമ്മ മുട്ടു കുത്തി അവനെ കെട്ടിപ്പിടിച്ച് എന്തൊക്കെയോ പറഞ്ഞു......പറഞ്ഞു കൊണ്ടിരിക്കെ അവരങ്ങ് ..കരഞ്ഞു പോയി..
  സാധാരണ, സായിപ്പ് നാട്ടില്‍ ആരും ഒന്നിലും ഇടപെടാന്‍ പോകാറില്ല..ഞാ‍ന്‍ ജോലി കഴിഞ്ഞു മടങ്ങി വരുന്ന വഴി....വേണ്ടാ എന്നു തോന്നി..പിന്നെ ഉള്ളിലെ മലയാളി ഉണര്‍ന്നു..
  എന്തെങ്കിലും സഹായം വേണോ എന്നു ചോദിച്ചു..
  അപ്പോഴാണ് കാര്യം മനസ്സിലായത്..അവര്‍ക്ക് നടുവേദനയാണ്..കുട്ടിയെ എടുക്കാന്‍ കഴിയില്ല.അതോര്‍ത്തു കരഞ്ഞതാണ്......
  മദാമ്മ മമ്മിമാരെ മുച്ചൂടും തെറി വിളിച്ചു നടന്നിരുന്ന എന്റെ കണ്ണ് നിറഞ്ഞു പോയി..
  എന്നെ കണ്ടതോടെ കുട്ടി കരച്ചിലു നിര്‍ത്തി..പുതിയൊരു രൂപമാണല്ലോ..വല്ല അന്യഗ്രഹ ജീവിയുമാണെന്നു കരുതിക്കാണും.ഞാന്‍ കണ്ണുരുട്ടി ചില ഭാവാഭിനയങ്ങളൊക്കെ നടത്തി....കുഞ്ഞ് പിന്നെ കരഞ്ഞില്ല..പേടിച്ചിട്ടായിരിക്കും..മര്യാദക്കു വണ്ടിയില്‍ കേറിയിരുന്നു...എടങ്കണ്ണിട്ട് എന്നെ നോക്കി..ഒരു കളളച്ചിരി സമ്മാനിച്ചു.
  മദാമ്മ രണ്ടൂ മൂന്നു ടാങ്ക്സും പറഞ്ഞു നടന്നു പൊയി.......

  ഇന്നു ജോലി കഴിഞ്ഞു വന്ന് ജനലിലൂടെ വഴിയിലോട്ട് വായിനൊക്കിയിരിക്കുകയായിരിന്നു..
  “നല്ല തറവാട്ടിപ്പിറന്ന മദാമ്മമാര് പൊണ വഴിയാണേയ്...“
  ഒരു സ്ത്രീ കുട്ടിയുമൊത്തു പോകുന്നു...അങ്ങു കളിയാണ്...അവനവരെ ഓടിക്കുന്നു..അവരവനെ ഓടിക്കുന്നു...കുട്ടിവണ്ടി വേഗത്തിലോടിച്ച് അവനെ ചിരിപ്പിക്കുന്നു...അവന്‍ ചാടിയിറങ്ങി അവരുടെ പുറകേന്ന് തള്ളുന്നു..നമ്മുടെ നാട്ടിലൊക്കെ ചെയ്യും പൊലെ അവനെ പൊക്കിയിട്ട് പിടിക്കുന്നു....ഒരേ ബഹളം...ചിരി...തമാശ...
  എന്തോ..അപ്പൊഴും എന്റെ കണ്ണ് നിറഞ്ഞു...അമ്മേക്കാണാന്‍ തോന്നി....

  By Blogger കാളിയമ്പി, at 3:33 PM  

 • അതുല്യേച്ചിയോട്‌ യോജിക്കുന്നു. പിന്നെ വാല്‍കഷ്ണം ഗംഭീരമായി. ബന്ധുക്കള്‍ കരുതും പെട്ടിക്കകത്ത്‌ ഏതാണ്ട്‌ വല്യസാധനങ്ങളാണെന്ന് പാത്തും പതുങ്ങിയും തുറന്നുനോക്കി അമളിപറ്റുന്നവര്‍ കൂടിക്കൊണ്ടിരിക്കാ. ഇതിപ്പൊ ഒരു പതിവായിരിക്കുന്നൂത്രേ.

  By Blogger paarppidam, at 6:46 AM  

 • ബ്രസ്റ്റ്‌ഫീഡ്‌ ചെയ്യുന്ന അമ്മമാരുടെയെണ്ണം 10 ശതമാനം മാത്രമേ ഉണ്ടാവൂ ഇവിടെ. ഇനി അഥവാ ചെയ്താലും ഒരാറുമാസം വരെ മാത്രം.

  തെറ്റു
  ഇതു് പ്രകാരം

  * In 2004, 14 states in the United States achieved the national Healthy People 2010 objective of 75% of mothers initiating breastfeeding; whereas only 3 and 5 states achieved the objective of having 50% of mothers breastfeeding their children at 6 months of age and 25% of mothers breastfeeding their children at 12 months of age, respectively. Only two states — Oregon and Utah — achieved all three of these Healthy People 2010 objectives.
  * Consistent with previous research, the NIS breastfeeding data reveal that non-Hispanic black and socioeconomically disadvantaged groups have lower breastfeeding rates.

  By Blogger Kaippally, at 9:27 PM  

 • അമേരിക്കന്‍ വിശേഷം നന്നായി -ചിത്രകാരന്‍.
  (ചിത്രകാരന്‌ എന്തോ... സ്വന്തം പേരില്‍ കമന്റാന്‍ പറ്റുന്നില്ല,ക്ഷമിക്കുക)http://www.chithrakaran.blogspot.com/

  By Anonymous Anonymous, at 11:18 PM  

 • >> >> >> >> നോക്ക്.

  By Blogger സുധി അറയ്ക്കൽ, at 5:52 AM  

 • താങ്കളുടെ ഫോണ്‍ നമ്പര്‍ ഒന്നു തരാമോ?
  ഇവിടെ കുഞ്ഞുങ്ങള്‍ ഇങ്ങനെ എന്ന ലേഖനം
  ഞങ്ങളുടെ പത്രത്തിന്റെ വാരാന്തപ്പതിപ്പില്‍ ഉപയോഗിക്കാന്‍ താല്‍പര്യമുണ്ട്.
  അതുമായി ബന്ധപ്പെട്ട കാര്യങ്ങല്‍ സംസാരിക്കാനാണ്.
  സ്‌നേഹപൂര്‍വ്വം
  കുഞ്ഞിക്കണ്ണന്‍ വാണിമേല്‍

  By Blogger കുഞ്ഞിക്കണ്ണന്‍ വാണിമേല്‍, at 11:10 PM  

Post a Comment

<< Home