അമേരിക്കന്‍ വിശേഷങ്ങള്‍

Wednesday, August 29, 2007

ഒരു വര്‍മ്മ കൂടി...

ഒരു വര്‍മ്മ കൂടി ജന്മമെടുത്തു...

നെല്ലിക്കയുടെ ഹോള്‍ സെയില്‍ വ്യാപാരിയും ഇ. എം. എസിന്റെ ഭക്തനും ശ്ലോകമെഴുത്തുതൊഴിലാളിയും പരിഭാഷായന്ത്രവുമായ രാജേഷ് വര്‍മ്മയുടെയും ബിന്ദുവര്‍മ്മയുടെയും രണ്ടാമത്തെ മകന്‍ നന്ദന്‍ വര്‍മ്മ പോര്‍ട്ട്‌ലാന്‍ഡില്‍ ചതയദിനത്തില്‍ (ഓഗസ്റ്റ് 28, 2007) ഉച്ചയ്ക്കു ശേഷം 1:36-നു് (PST) ഭൂജാതനായി. ഡയപ്പര്‍ കെട്ടിയിട്ടു തൂക്കം നോക്കിയാല്‍ കഷ്ടിച്ചു മൂന്നു കിലോ വരും. ഒന്നരയടി പൊക്കവും വരും. തനിക്കു കിട്ടിയ മൂന്നടിയുടെ പകുതി വാമനമൂര്‍ത്തി നന്ദനു കൊടുത്തു എന്നാണു് ഐതിഹ്യം. വാമനമൂര്‍ത്തി വര്‍മ്മക്കുടുംബത്തിന്റെ ക്ഷേമം അന്വേഷിച്ചിട്ടു് ഏതാനും നാളുകളേ ആയിട്ടുള്ളൂ. മഹാബലി വിസയുടെ കാലം കഴിഞ്ഞു പാതാളത്തിലേക്കു പോയതിനാല്‍ വര്‍മ്മമാരെ സന്ദര്‍ശിക്കാന്‍ എത്തിയില്ല.

ഷവര്‍മ്മ, അനോണി വര്‍മ്മ എന്നിവയില്‍ ഒരു പേരിടണം എന്ന രാജേഷ് വര്‍മ്മയുടെ അപേക്ഷ നിഷ്കരുണം തള്ളപ്പെട്ടു. നിരഞ്ജന്റെ അനുജനായി നിരാമയന്‍, നിഷ്കരുണന്‍, നാരദന്‍, നക്രതുണ്ഡന്‍ തുടങ്ങി പല പേരുകളെയും പിന്‍‌തള്ളിയാണു് നന്ദന്‍ അവസാനം ജേതാവായതു്.

അടുത്ത കാലത്തായി വര്‍മ്മമാര്‍ പെറ്റുപെരുകുന്നതു ബൂലോഗത്തിന്റെ നിലനില്‍പ്പിനെയും സ്വാതന്ത്ര്യത്തെയും ലഘുചിത്തതയെയും ബാധിക്കുന്നു എന്നു പെരിങ്ങോടന്‍ വര്‍മ്മ അഭിപ്രായപ്പെട്ടു. വര്‍മ്മമാര്‍ ബൂലോഗത്തിനു നല്ലതോ ചീത്തയോ എന്നതിനെപ്പറ്റി തനിക്കിപ്പോഴും കണ്‍‌ഫ്യൂഷനാണെന്നും രണ്ടു വശവും നന്നായി പഠിക്കുകയും ഗവേഷണം ചെയ്യുകയും നമ്മുടെ വിദ്യാഭ്യാസവ്യവസ്ഥ ആസകലം അഴിച്ചുപണിയുകയും ചെയ്യണമെന്നു് വക്കാരിവര്‍മ്മ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. അതേ സമയം പുതിയ വര്‍മ്മമാരുടെ വരവിനെ അഖിലബൂലോഗവര്‍മ്മസംഘം, മഹാബൂലോഗാനോണികഴകം തുടങ്ങിയവര്‍ സ്വാഗതം ചെയ്തിട്ടുണ്ടു്.

Labels: , , , ,